Sorry, you need to enable JavaScript to visit this website.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്:  സംവിധായകൻ ലാലിനെ ഇന്ന് വിസ്തരിക്കും 

കൊച്ചി - നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷിപ്പട്ടികയിലുള്ള സംവിധായകനും നടനുമായ ലാലിനെയും ലാൽ ക്രിയേഷൻസിലെ പ്രവർത്തകരെയും ഇന്ന് കേസിന്റെ വിചാരണ നടക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ വിസ്തരിക്കും. 


ലാലിന്റെ ഭാര്യ, മകൻ, മരുമകൾ എന്നിവരും വിസ്താരത്തിന് ഹാജരാകണം. ആക്രമണത്തിനിരയായ നടിയുടെ ഭർത്താവിനെയും അങ്കമാലിയിലെ തട്ടുകടക്കാരനെയുമാണ് സാക്ഷികളായി ഇന്നലെ കോടതി വിസ്തരിച്ചത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും സുനിൽകുമാർ ഉൾപ്പെടെയുള്ള മറ്റ് പ്രതികളും കോടതിയിൽ ഹാജരായി. അനാരോഗ്യം കാരണം നടിയുടെ അമ്മയ്ക്ക് എത്താനായില്ല. നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് അങ്കമാലി കറുകുറ്റിയിലെ തട്ടുകടയിൽ നിന്നാണ് പ്രതികൾ ഭക്ഷണം കഴിച്ചത്. ഇതേത്തുടർന്നാണ് കടയുടമയെ വിസ്തരിച്ചത്. 2017 ഫെബ്രുവരി 17ന് തൃശൂരിലെ സിനിമാ ലൊക്കേഷനിൽ നിന്ന് ലാൽ ക്രിയേഷൻസ് വിട്ടുനൽകിയ വാഹനത്തിലാണ് നടി എറണാകുളത്തേക്ക് വന്നത്. 


സുനിൽകുമാർ(പൾസർ സുനി) ഉൾപ്പെടെയുള്ള പ്രതികൾ മറ്റൊരു വാഹനത്തിൽ എത്തി ഈ വാഹനത്തിൽ ഇടിപ്പിച്ച ശേഷമാണ് അക്രമം നടത്തി അപകീർത്തികരമായ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നടി പിന്നീട് കാക്കനാട് പടമുഗളിൽ ലാലിന്റെ വസതിയിൽ അഭയം തേടി. ചണ്ഡീഗഢിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ദൃശ്യങ്ങളുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിഭാഗം അഭിഭാഷകർ നടിയെ വിസ്തരിക്കും. വിചാരണയ്ക്കിടയിൽ കഴിഞ്ഞ ദിവസം കോടതിയിൽ വെച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതിന് കേസിലെ അഞ്ചാം പ്രതി സലീം, കോടതിയ്ക്കു പുറത്ത് വെച്ച് നടിയെത്തിയ വാഹനത്തിന്റെയും തൊണ്ടി മുതലായ ടെമ്പോ ട്രാവലറിന്റെയും ദൃശ്യങ്ങൾ പകർത്തിയതിന് ഇയാളുടെ സുഹൃത്തിനെതിരെയും കോടതി നിർദേശ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി സലീമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.

Latest News