Sorry, you need to enable JavaScript to visit this website.

കാസർക്കോട്ട് പതിനഞ്ചര കിലോ സ്വർണം പിടികൂടി; രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ

കാസർകോട്- കാറിൽ കടത്തുകയായിരുന്ന പതിനഞ്ചര കിലോ തൂക്കം വരുന്ന കള്ളക്കടത്ത് സ്വർണം കസ്റ്റംസ് സംഘം പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് മാർക്കറ്റിൽ 6.20 കോടി രൂപ വില വരും. രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ആറര മണിയോടെ ബേക്കൽ പള്ളിക്കര ടോൾ ബൂത്തിന് അടുത്ത് വെച്ചാണ് കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവിന്റെനേതൃത്വത്തിലുള്ള സംഘം സ്വർണം പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാറിൽ രഹസ്യ അറകൾ ഉണ്ടാക്കി അതിൽ സൂക്ഷിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത സ്വർണം. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 

അന്വേഷണം തുടരുന്നതിനാൽ അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ കസ്റ്റംസ് പുറത്തു വിട്ടിട്ടില്ല. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരുടേതാണ് പിടികൂടിയ സ്വർണം എന്ന് കരുതുന്നു. തലശ്ശേരിയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന കാർ ബേക്കൽ പള്ളിക്കര ടോൾ ബൂത്തിനടുത്ത് എത്തിയപ്പോൾ കാർ കുറുകെയിട്ട് തടഞ്ഞാണ് സംഘത്തെ കസ്റ്റംസ് പിടികൂടിയത്. ഇത്രയും വലിയ സ്വർണവേട്ട കാസർകോട് കസ്റ്റംസിലെ ചരിത്രത്തിൽ ആദ്യമായാണെന്ന് പറയുന്നു. പിടികൂടുന്ന സമയത്ത് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ സാഹസിക നീക്കത്തിലൂടെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് കസ്റ്റംസ് കണ്ണൂർ ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാരായ ഇ.വികാസ്, മധുസൂദൻ ഭട്ട് എന്നിവർ പറഞ്ഞു. പിടികൂടിയ പ്രതികളെയും കാറും കാസർകോട് കസ്റ്റംസ് ഓഫീസിൽ എത്തിച്ച് രാത്രി തന്നെ നടത്തിയ പരിശോധനയിലാണ് മുൻഭാഗത്തെ സീറ്റുകൾക്ക് അടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. കേരളത്തിലെയോ കേരളത്തിന് പുറത്തെയോ വിമാനത്താവളങ്ങളിൽ എത്തിച്ച കള്ളക്കടത്ത് സ്വർണം കടത്തിക്കൊണ്ടു വരുന്നതാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് വെളിപ്പെടുത്തുന്നു. പിടിയിലായവർ 26, 30 വയസ്സ് പ്രായമുള്ളവരാണ്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗൾഫിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ശേഷം ഉരുപ്പടികൾ ആക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് പിടിച്ചെടുത്ത സ്വർണം. സ്വർണക്കട്ടികളും ക്രൂഡ് ചെയിനുമാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ഇന്ന് രാവിലെ എറണാകുളം സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റംസ് സൂപ്രണ്ടുമാരായ പി.പി രാജീവ്, എ.പ്രദീപ് കുമാർ നമ്പ്യാർ, പി.കെ ഹരിദാസ്, കെ.രാഘവൻ, ഇൻസ്‌പെക്ടർമാരായ ശ്യാംകുമാർ ശർമ, കബിൽ ഗാങ്, പ്രണീത്, നിഷാദ് താക്കൂർ എന്നിവരും സ്വർണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

 

Latest News