വടകര- മുക്കാളിയിൽ ട്രെയിനിൽ നിന്നു വീണ് യുവാവിനു ഗുരുതര പരിക്ക്. കണ്ണൂർ പട്ടാന്നൂർ ശ്രീരാഗത്തിൽ രാജന്റെ മകൻ അനുരാഗാണ് (20) ദാദർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്ന് അബദ്ധത്തിൽ വീണത്. ബുധനാഴ്ച രാത്രി ഏഴേ മുക്കാലോടെ ഒരാൾ വീണ കാര്യം സഹയാത്രക്കാർ റെയിൽവെ അധികൃതരെ അറിയിച്ചു. പിന്നീട് ചോമ്പാല പോലീസ് സഹായത്താൽ നാട്ടുകാർ ഈ മേഖലയിൽ വ്യാപക തെരച്ചൽ നടത്തിയാണ് മുക്കാളി പട്യാട്ട് അണ്ടർബ്രിഡ്ജ് പരിസരത്ത് ആളെ കണ്ടെത്തിയത്. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ അപ്പോഴേക്കും വന്ന കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ട്രെയിനിൽ മാഹിയിൽ എത്തിച്ചു. മാഹി ഗവ. ആശുപത്രിയിൽ അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലക്ക് സാരമായ മുറിവുണ്ട്.






