കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവെന്ന് എയർപോർട്ട് സർവ്വീസ് ക്വാളിറ്റി നടത്തിയ സർവേ ഫലം.ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്ത ഗുണമേന്മ അടിസ്ഥാനമാക്കി എയർപോർട്ട് സർവ്വീസ് ക്വാളിറ്റി നടത്തിയ സർവേയിലാണ് 4.43 പോയിന്റ് നേടി കരിപ്പൂർ നേട്ടം കൈവരിച്ചത്.
237 വിമാനത്താവളങ്ങളിൽ 2.5 ദശലക്ഷം യാത്രക്കാരെ അടിസ്ഥാനമാക്കിയാണ് സർവേ നടന്നത്. ഇതിൽ പരിമിതിക്കുളളിൽ നിന്ന് കരിപ്പൂർ വിമാനത്താവളം 82-ാം സ്ഥാനത്താണ് എത്തിയത്.അന്താരാഷ്ട്ര വിമാനത്താവള കൗൺസിലാണ് ഇതിന്റെ ഫലം പ്രഖ്യാപിച്ചത്.
കരിപ്പൂരിൽ റൺവെ നവീകരണത്തിന് ശേഷം വിമാനത്താവളം 24 മണിക്കൂർ പ്രവർത്തനക്ഷമമാക്കിയതാണ് നേട്ടം കൊയ്യാനായതെന്ന് എയർപോർട്ട് ഡയറക്ടർ കെ.ജെ.രാധാകൃഷ്ണ പറഞ്ഞു.
കഴിഞ്ഞ 2016-2017 കാലയളവിൽ 26 ലക്ഷം യാത്രക്കാരാണുണ്ടായത്. എന്നാൽ 2017-18 സാമ്പത്തിക വർഷത്തിൽ ഇത് 30 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ. യാത്രക്കാരുടെ എണ്ണത്തിലുളള വർധനവ് വരുമാനത്തിലും നേട്ടം കൊയ്യാനാകും. കരിപ്പൂരിൽ നവീകരണം കഴിഞ്ഞ് റൺവെ കഴിഞ്ഞ മാർച്ചിലാണ് തുറന്നത്. ഇതിനു പിറകെ ഗൾഫിലേക്ക് പുതിയ സർവ്വീസുകളും ആരംഭിച്ചു. മൂന്ന് മാസ കാലയളവിൽ തന്നെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടമുണ്ടാക്കാനായി.