Sorry, you need to enable JavaScript to visit this website.

നികുതി വെട്ടിപ്പ്: വിവരം നൽകുന്നവർക്ക് പത്തു ലക്ഷം റിയാൽ പാരിതോഷികം

റിയാദ് - സകാത്ത്, നികുതി അതോറിറ്റി നിയമം ലംഘിക്കുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പരമാവധി പത്തു ലക്ഷം റിയാൽ വരെ പാരിതോഷികം നൽകുന്നതിന് ബന്ധപ്പെട്ട നിയമാവലി അനുശാസിക്കുന്നു. നാലിനം നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം ലഭിക്കുക. സകാത്ത് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാതിരിക്കൽ-സകാത്ത് വെട്ടിപ്പ്, മൂല്യവർധിത നികുതി വെട്ടിപ്പ്-വാറ്റ് ഇൻവോയ്‌സുകളും രേഖകളും സൂക്ഷിക്കാതിരിക്കൽ, ആദായ നികുതി നിയമ ലംഘനങ്ങൾ, സെലക്ടീവ് ടാക്‌സ് നിയമ ലംഘനങ്ങൾ എന്നിവയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികത്തിന് അവകാശമുണ്ടാകും. 


പാരിതോഷികം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ അക്കാര്യം നികുതി വെട്ടിപ്പുകളെ കുറിച്ച് അറിയിക്കുമ്പോൾ പ്രകടിപ്പിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. നികുതി വെട്ടിപ്പുകളെ കുറിച്ച് അറിയിക്കുന്നവർ തങ്ങളുടെ പേരുവിവരങ്ങളും നിയമ ലംഘനം നടത്തിയ വ്യക്തിയുടെ പേരുവിവരങ്ങളും വിലാസവും നിയമ ലംഘത്തിന്റെ ഇനവും നിയമ ലംഘനം നടത്തിയ തീയതിയും സ്ഥലവും പരാതിക്ക് ഉപോൽബലകമായ രേഖകളും പരാതിയിൽ ഉൾപ്പെടുത്തിയിരിക്കണം. 
നികുതി വെട്ടിപ്പുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായാണ് പാരിതോഷികത്തിന് അവകാശമുണ്ടാവുക. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിലേക്ക് പരാതികൾ നയിച്ചിരിക്കണമെന്നതാണ് ഇതിൽ ഒന്ന്. 


പരാതി നൽകുന്നവർ സകാത്ത്, നികുതി അതോറിറ്റി ഉദ്യോഗസ്ഥരോ അവരുടെ അടുത്ത ബന്ധുക്കളോ ആകാൻ പാടില്ല. നികുതി വെട്ടിപ്പിനെ കുറിച്ച് വിവരം നൽകൽ പരാതി നൽകുന്നയാളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാകാനും പാടില്ല. നികുതി വെട്ടിപ്പുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം കൈമാറുന്ന കാര്യം പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാരിതോഷികം വിതരണം ചെയ്യുക. നികുതി വെട്ടിപ്പ് നടത്തുന്ന വ്യക്തികളിൽ നിന്ന് പിഴയും നികുതി കുടിശ്ശികകളും ഈടാക്കിയശേഷം മാത്രമാണ് പാരിതോഷികം നൽകുക. നികുതി വെട്ടിപ്പ് നടത്തുന്ന വ്യക്തികളിൽ നിന്ന് പിഴയും നികുതി കുടിശ്ശികകളുമായി ഈടാക്കുന്ന തുകയുടെ രണ്ടര ശതമാനമോ പത്തു ലക്ഷം റിയാലോ ഏതാണ് കുറവ് എങ്കിൽ ആ തുകയാണ് പാരിതോഷികമായി നൽകുക. മിനിമം പാരിതോഷികം ആയിരം റിയാലായും നിയമാവലി നിർണയിക്കുന്നു. 

 

Latest News