റിയാദ് - ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പേരിലുള്ള, മിനിമം ബാലൻസില്ലാത്ത അക്കൗണ്ടുകൾക്ക് ചില ബാങ്കുകൾ സർവീസ് ചാർജ് ബാധമാക്കാൻ തുടങ്ങി. ജനുവരി ഒന്നു മുതലാണ് ബാങ്കുകൾ ഇത്തരം അക്കൗണ്ടുകളുടെ ഉടമകളിൽനിന്ന് സർവീസ് ചാർജ് ഈടാക്കാൻ തുടങ്ങിയത്. അക്കൗണ്ട് മാനേജ്‌മെന്റ് എന്ന പേരിൽ മൂല്യവർധിത നികുതി ഉൾപ്പെടെ മാസത്തിൽ 10.50 റിയാൽ തോതിലാണ് ബാങ്കുകൾ ഈടാക്കുന്നത്. മാസത്തിൽ ശരാശരി ബാലൻസ് അയ്യായിരം റിയാലിൽ കുറവായ അക്കൗണ്ടുകൾക്കാണ് സർവീസ് ചാർജ് ബാധകമാക്കിയിരിക്കുന്നത്.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പേരിലുള്ള, മിനിമം ബാലൻസില്ലാത്ത അക്കൗണ്ടുകളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബാങ്കുകൾ സർവീസ് ചാർജ് പിടിച്ചിട്ടുണ്ട്. അക്കൗണ്ടിൽനിന്ന് 10.50 റിയാൽ തോതിൽ പിടിച്ചതിന്റെ കാരണം അക്കൗണ്ട് ഉടമകൾ അറിഞ്ഞിട്ടില്ല. മിനിമം ബാലൻസില്ലാത്ത അക്കൗണ്ടുകൾക്ക് സർവീസ് ചാർജ് ബാധകമാക്കുമെന്ന കാര്യം ബാങ്കുകൾ മുൻകൂട്ടി അറിയിച്ചിരുന്നുമില്ല.
ശരാശരി അയ്യായിരം റിയാലിൽ കുറവ് ബാലൻസുള്ള, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പേരിലുള്ള അക്കൗണ്ടുകൾക്ക് ചില ബാങ്കുകൾക്ക് പ്രതിമാസം 10 റിയാൽ മുതൽ 20 റിയാൽ വരെയാണ് സർവീസ് ചാർജ് ഈടാക്കുന്നതെന്ന് ബാങ്കിംഗ് വൃത്തങ്ങൾ വെളിപ്പെടുത്തി. സർവീസ് ചാർജിനൊപ്പം അഞ്ചു ശതമാനം മൂല്യവർധിത നികുതിയും ഈടാക്കുന്നുണ്ട്. ചില ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ വ്യത്യസ്ത ബാങ്കുകളിൽ നിരവധി അക്കൗണ്ടുകൾ തുറക്കുകയാണ്. ഇതിനു ശേഷം ഇടപാടുകൾ ഒരു ബാങ്കിൽ മാത്രമാക്കി പരിമിതപ്പെടുത്തി മറ്റു ബാങ്കുകളെ അവഗണിക്കുകയാണ്. ഇത് ബാങ്കുകൾക്ക് ബാധ്യതയുണ്ടാക്കുകയാണ്.
തോന്നിയ പോലെ അക്കൗണ്ടുകൾ തുറക്കാതെ ഇടപാടുകൾ ഒന്നോ രണ്ടോ ബാങ്കുകളിലാക്കി പരിമിതപ്പെടുത്തുന്നതിന് പുതിയ സർവീസ് ചാർജ് ചെറുകിട, ഇടത്തരം സ്ഥാപന ഉടമകളെ പ്രേരിപ്പിക്കും. ബിനാമി ബിസിനസ് പ്രവണതക്ക് തടയിടുന്നതിനും പുതിയ സർവീസ് ചാർജ് സഹായകമാകും. യഥാർഥ ആവശ്യത്തിന് തുറക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന അക്കൗണ്ടുകളെ കുറിച്ച കൃത്യമായ കണക്ക് ലഭ്യമാക്കുന്നതിനും പുതിയ നടപടി സഹായകമാകുമെന്ന് ബാങ്കിംഗ് വൃത്തങ്ങൾ പറഞ്ഞു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പേരിൽ അക്കൗണ്ടുകൾ ആരംഭിക്കുന്നതിന് അക്കൗണ്ട് തുറക്കുന്ന സമയത്ത് നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്യണമെന്ന വ്യവസ്ഥ കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി നേരത്തെ ബാധകമാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും ചെക്കുകളിൽ ഒപ്പുവെക്കുന്നതിന് അധികാരപ്പെടുത്തുന്ന ആളുകളുടെ പേരുവിവരങ്ങളും ഇതിനുള്ള ഓതറൈസേഷൻ ലെറ്ററും സ്ഥാപനങ്ങൾ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്.