ഖത്തറുമായി സഹകരിക്കുന്ന യു.എസ് കമ്പനികൾക്കെതിരെ നടപടിയില്ല -സഖ്യരാജ്യങ്ങൾ

റിയാദ്- ഖത്തറുമായി സഹകരിക്കുന്ന അമേരിക്കൻ കമ്പനികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്ന് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും അമേരിക്കയെ അറിയിച്ചു. ഖത്തറിനെതിരെ സ്വീകരിച്ച ശിക്ഷാ നടപടികൾ അമേരിക്കൻ കമ്പനികളെ ബാധിക്കില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ് അയച്ച കത്തിൽ നാലു രാജ്യങ്ങളും വ്യക്തമാക്കി. സമാനമായ ഉറപ്പ് യു.എ.ഇയിൽ നിന്ന് വാക്കാൽ ലഭിച്ചതായി യു.എ.ഇയിലെ യൂറോപ്യൻ യൂനിയൻ മിഷനും അറിയിച്ചു. സംഭവത്തിൽ പ്രതികരിക്കുന്നതിന് അബുദാബിയിലെ അമേരിക്കൻ എംബസി വിസമ്മതിച്ചു. 
ഖത്തറുമായി സഹകരിക്കുന്ന അമേരിക്കൻ കമ്പനികൾക്കെതിരെ നടപടിയുണ്ടാകില്ല എന്ന കാര്യം നാലു രാജ്യങ്ങളും ഇതുവരെ മാധ്യമങ്ങൾക്കു മുന്നിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ, തങ്ങളെയോ ഖത്തറിനെയോ തെരഞ്ഞെടുക്കണമെന്ന് വിദേശ കമ്പനികളോട് ആവശ്യപ്പെടില്ലെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് ജൂലൈ 17 ന് വ്യക്തമാക്കിയിരുന്നു.
ഭീകരതക്ക് പിന്തുണ നൽകുന്നതായും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായും കുറ്റപ്പെടുത്തി ജൂൺ അഞ്ചിനാണ് നാലു രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഖത്തർ വിമാനങ്ങൾക്കും കപ്പലുകൾക്കും വാഹനങ്ങൾക്കും തങ്ങളുടെ അതിർത്തികളിൽ നാലു രാജ്യങ്ങളും വിലക്കേർപ്പെടുത്തുകയും ചെയ്തു. ഖത്തർ പൗരന്മാർ തങ്ങളുടെ രാജ്യങ്ങളിൽ പ്രവേശിക്കുന്നതും തങ്ങളുടെ പൗരന്മാർ ഖത്തർ സന്ദർശിക്കുന്നതും സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും വിലക്കിയിട്ടുമുണ്ട്. 
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് തങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ പാലിക്കാത്ത ഖത്തറിനെതിരെ കൂടുതൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് നാലു രാജ്യങ്ങളും നേരത്തെ സൂചന നൽകിയിരുന്നു. ഖത്തറുമായി സഹകരിക്കുന്ന വിദേശ കമ്പനികൾക്ക് വിലക്കേർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നാണ് നാലു രാജ്യങ്ങളും സൂചിപ്പിച്ചത്. ഒന്നുകിൽ ഖത്തറിനെയോ അതല്ലെങ്കിൽ തങ്ങളുടെ ചേരിയെയോ തെരഞ്ഞെടുക്കുന്നതിന് വിദേശ കമ്പനികളോട് ആവശ്യപ്പെടുന്നതിന് നാലു രാജ്യങ്ങളും നീക്കം നടത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.
 

Latest News