പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കില്ലെന്ന് മന്ത്രാലയം

റിയാദ് -വിദേശ തൊഴിലാളികള്‍ക്ക് ബാധകമായ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.. വിദേശികള്‍ക്ക് ബാധകമായ സ്‌പോണ്‍സര്‍ഷിപ്പ് നിയമം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിര്‍ത്തലാക്കുമെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും പ്രചരിച്ചിപ്പിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയും തൊഴില്‍, സാമൂഹിക, വികസന മന്ത്രാലയം നടത്തിയിട്ടില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെയാണ് തൊഴില്‍ വിപണിയെ ബാധിക്കുന്ന തീരുമാനങ്ങള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കൈക്കൊള്ളുന്നത്. ഇത്തരം തീരുമാനങ്ങളെ കുറിച്ച് ഔദ്യോഗികമായി പരസ്യപ്പെടുത്തുകയും ചെയ്യും. വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് തേടണമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം എല്ലവരോടും ആവശ്യപ്പെട്ടു.

 


മലയാളം ന്യൂസ് വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരുക



സൗദിയില്‍ വൈകാതെ ഇഖാമ നിയമം ഭേദഗതി ചെയ്യുമെന്നും സ്‌പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കുമെന്നും വിദേശ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം തൊഴില്‍ കരാറില്‍ മാത്രം പരിമിതപ്പെടുത്തുമെന്നുമാണ് സാമൂഹികമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. സൗദിയില്‍ നിന്ന് പുറത്തുപോകുന്നതിനും രാജ്യത്തേക്ക് തിരികെ എത്തുന്നതിനും വിദേശികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്നും വിദേശ യാത്രക്ക് സ്‌പോണ്‍സറുടെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സഅദ് അല്‍ഹമാദ് പറഞ്ഞു.

 

Latest News