റിയാദ് - ഫാർമസി മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള തൊഴിൽ-സാമൂഹിക, ആരോഗ്യ മന്ത്രാലയങ്ങളുടെ തീരുമാനം ഈ മേഖലയിലെ പത്ത് പ്രൊഫഷനുകൾക്ക് ബാധകമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഫാർമസിസ്റ്റ്, ടോക്‌സിക്കോളജിസ്റ്റ്, കെമിക്കൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ്, നാച്വറൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ്, ലബോറട്ടറി സയൻസ് ഇൻസ്ട്രക്ടർ, ഫാർമസി ട്രെയിനർ, മെഡിസിൻ കൺസൾട്ടന്റ്, ജനറൽ ഫാർമക്കോളജിസ്റ്റ്, സിറോളജി സ്‌പെഷ്യലിസ്റ്റ്, ബാക്ടീരിയൽ ആന്റ് ഡ്രഗ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷനുകൾക്കും ഫാർമസി മേഖലക്കു കീഴിൽ വരുന്ന മറ്റെല്ലാ പ്രൊഫഷനുകൾക്കും സൗദിവൽക്കരണ തീരുമാനം ബാധകമാണ്.
ഹെൽത്ത് സെന്ററുകൾ, മെഡിക്കൽ ക്ലിനിക്കുകൾ, മെഡിക്കൽ കമ്പനികൾ, ആശുപത്രികൾ, ഫാർമസികൾ, ഇൻഷുറൻസ് കമ്പനികൾ, സെയിൽസ് ഔട്ട്‌ലെറ്റുകൾ, മെഡിക്കൽ സപ്ലൈസ് കമ്പനികൾ, മരുന്ന് കമ്പനികൾ, സയന്റിഫിക് ഓഫീസുകൾ, വിതരണ കമ്പനികൾ, ഇറക്കുമതിക്കാർ, മരുന്ന് ഗോഡൗണുകൾ അടക്കം ഫാർമസിസ്റ്റുകളെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും സൗദിവൽക്കരണ തീരുമാനം ബാധകമായിരിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളായി 50 ശതമാനം സൗദിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം. ജൂലൈ 22 ബുധനാഴ്ച നിലവിൽ വരുന്ന ആദ്യ ഘട്ടത്തിൽ 20 ശതമാനവും അടുത്ത കൊല്ലം ജൂലൈ 11 ഞായറാഴ്ച നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 30 ശതമാനവും സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. അഞ്ചും അതിൽ കൂടുതലും വിദേശ ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് സൗദിവൽക്കരണ തീരുമാനം ബാധകം.
സ്വകാര്യ ആരോഗ്യ മേഖലയിൽ 40,000 തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് ആരോഗ്യ മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സും നേരത്തെ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഫാർമസി മേഖലയിൽ 50 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നത്. സൗദിവൽക്കരണ തീരുമാനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സ്വീകരിക്കും.