കോടികള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍  സാന്‍വിച്ച് മോഷ്ടിച്ച് സസ്‌പെന്‍ഷനിലായി 

ലണ്ടന്‍-കാന്റീനില്‍നിന്ന് സാന്‍വിച്ച് മോഷ്ടിച്ചതിന് പ്രമുഖ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സിറ്റി ഗ്രൂപ്പിന്റെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കാന്റീനില്‍നിന്ന് സാന്‍വിച്ച് അടക്കമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ പരാസ് ഷാ മോഷ്ടിച്ചെന്നാണ് ആരോപണം ഉയരുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസ്, ഡെയ്‌ലി മെയില്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിറ്റി ഗ്രൂപ്പിന്റെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ ബോണ്ട് ട്രേഡിങ് മേധാവിയായ പരാസ് ഷായെയാണ് സ്ഥാപനം സസ്‌പെന്‍ഡ് ചെയ്തത്.
1.32 മില്യണ്‍ ഡോളര്‍ (ഏകദേശം ഒമ്പതര കോടിയോളം രൂപ) വാര്‍ഷിക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ് പരാസ് ഷാ. ഇതുവരെ പരാസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. സിറ്റിഗ്രൂപ്പും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 

Latest News