Sorry, you need to enable JavaScript to visit this website.

കാർഷിക മേളയുമായി ഐ.എസ്.എം; നാളെ തുടക്കം

കോഴിക്കോട്- കേരളത്തിലാദ്യമായി ഒരു ഇസ്‌ലാമിക മത യുവജന സംഘടന കാർഷികമേള നടത്തുന്നു. മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ പരിസ്ഥിതി സൗഹൃദ സന്ദേശ സംരംഭമായ 'ബ്രദർനാറ്റിന്റെ' ആഭിമുഖ്യത്തിലുള്ള കാർഷിക മേളയാണ് നാളെ മുതൽ 9 വരെ കോഴിക്കോട്ട് നടക്കുക. വിഷരഹിത ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും പുതുതലമുറയിൽ കൃഷിയോടും കാർഷികവൃത്തിയോടും കൂടുതൽ താത്പര്യം വളർത്തിയെടുത്ത് ആരോഗ്യമുള്ള സമൂഹസൃഷ്ടി സാധ്യമാക്കാനുമാണ് ബ്രദർനാറ്റ് കാർഷിക മേള സംഘടിപ്പിക്കുന്നതെന്ന് കൺവീനർ യൂനുസ് നരിക്കുനി, ജോ.കൺവീനർ സിദ്ദീഖ് തിരുവണ്ണൂർ എന്നിവർ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഐ.എസ്.എം വൃക്ഷത്തൈ നടൽ പരിപാടിയും എയിഡ്‌സ് ബോധവത്ക്കരണ കാമ്പയിനും കൊക്കകോള ബഹിഷ്‌കരണ പ്രചാരണവും സംഘടിപ്പിച്ചതും ഏറെ ചർച്ചാ വിഷയമായിരുന്നു. പിന്നീട് മുജാഹിദ് സംഘടനാ പിളർപ്പിന്റെ സമയത്ത് യുവജന വിഭാഗത്തിന്റെ പ്രവർത്തന ശൈലി മാറുന്നുവെന്നുള്ളതിന് ഉദാഹരണമായി ഐ.എസ്.എമ്മിന്റെ ഇത്തരം പ്രവൃത്തികളായിരുന്നു മറുവിഭാഗം ഉയർത്തിക്കാട്ടിയിരുന്നത്.


 എന്നാൽ ഐ.എസ്.എം പിന്നീടും ഇത്തരം സാമൂഹ്യ പ്രസക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു. ഇപ്പോൾ കാർഷിക മേളയുമായി വീണ്ടും പുതിയൊരു മേഖലയിലേക്ക് കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ ആഴ്ച ബ്രദർ നെറ്റിന്റെ നഗരത്തിലെ പ്രവർത്തകരടക്കമുള്ളവരുടെ മിഠായിതെരുവിലെ മുപ്പത് സെന്റ് സ്ഥലത്തെ ജൈവ കൃഷിയിടത്തിൽ വിളവെടുപ്പ് നടത്തിയത് ഏറെ ശ്രദ്ധയമായിരുന്നു. ചീര, ക്വാളിഫഌവർ, വഴുതിന, തക്കാളി, മുളക്, വെണ്ട, മുരിങ്ങ എന്നിവയായിരുന്നു കോഴിക്കോട്ടെ വാണിജ്യ കേന്ദ്രമായ മിഠായി തെരുവിനുള്ളിൽ നിന്ന് ഇവർ വിളയിച്ചെടുത്തത്.
ജീവിത ശൈലിയിൽ മാറ്റം വരുത്തി പ്രകൃതിക്കിണങ്ങും വിധമുള്ള ജീവിത സംസ്‌കാരം രൂപപ്പെടുത്താനുള്ള ജനകീയ ബോധവൽക്കരണമാണ് കാർഷിക മേള ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകർ പറയുന്നു.


 ടൗൺഹാളിനു സമീപം കോംട്രസ്റ്റ് ഗ്രൗണ്ടിൽ നാല് ദിവസങ്ങളിലായി നടക്കുന്ന മേളയോടനുബന്ധിച്ച് കിഡ്‌നി പരിശോധനാ ക്യാമ്പ്, ലഹരി വിരുദ്ധ പ്രദർശനം, പുസ്തക മേള, കൃഷി മേള, ചർച്ചകൾ, പ്രഭാഷണങ്ങൾ, ആദരം, ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം എന്നിവ നടക്കും. നാളെ വൈകിട്ട് 4.30ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കെ. എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ്കുട്ടി മുഖ്യാതിഥിയായിരിക്കും. ഡോ.സലീം ചെർപ്പുളശ്ശേരി അധ്യക്ഷത വഹിക്കും.

 

Latest News