Sorry, you need to enable JavaScript to visit this website.

പക്ഷി സങ്കേതവും കണ്ടൽക്കാടുകളും സന്ദർശിച്ച് കോളേജ് വിദ്യാർഥികൾ

തേഞ്ഞിപ്പലം-കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജും സംയുക്തമായി സംഘടിപ്പിച്ച പക്ഷി നിരീക്ഷണത്തിന്റെ ഭാഗമായി കോളേജിലെ ഒന്നാം വർഷ ജന്തുശാസ്ത്ര വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർഥികൾ കടലുണ്ടി പക്ഷിസങ്കേതം സന്ദർശിച്ചു. പക്ഷിനിരീക്ഷണത്തോടൊപ്പം വിവിധയിനം 
കണ്ടൽക്കാടുകളും അതിന്റെ പ്രാധാന്യവും വൈവിധ്യമാർന്ന അഴിമുഖത്തിലെ ജീവികളെക്കുറിച്ചും ഞണ്ടുകളെക്കുറിച്ചും കോളേജിലെ ജന്തുശാസ്ത്ര മേധാവി ഡോ.മുജീബ് റഹ്മാൻ, അധ്യാപകൻ  ഡോ. അലി  അക്ഷദ് എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പഠനം നടത്തി. പക്ഷി നിരീക്ഷകൻ വിജേഷ് വള്ളിക്കുന്നിന്റെ സഹായത്തോടെ മുപ്പത്തിയഞ്ചോളം വിവിധയിനം പക്ഷികളെ നിരീക്ഷിച്ചു. 
പൈപ്പ് പാല നിർമാണം പുഴയുടെ ഒഴുക്കിന്റെ വേഗത കുറച്ചതിനാൽ മണൽതിട്ട രൂപപ്പെടുന്നതും നക്ഷത്ര കണ്ടലിന്റെ അമിത വളർച്ചയും പക്ഷികളുടെയും മറ്റു അഴിമുഖ ജീവികളുടെയും വൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെക്കുറിച്ച് പഠനം തുടരാൻ വിദ്യാർഥികൾ താൽപര്യം പ്രകടിപ്പിച്ചു. 
കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കേരളത്തിലെ പ്രഥമ കമ്മ്യൂണിറ്റി റിസർവ് മേഖല അവിടുത്തെ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുകയും അതിന്റെ സംരക്ഷണത്തിനും ഉന്നമനത്തിനും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം. കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് ചെയർമാൻ പി. ശിവദാസൻ, താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുൾ ഗഫൂർ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
 

Latest News