ഇയര്‍ഫോണ്‍ വെച്ച് പാചകം; സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു

മിര്‍സാപൂര്‍- സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  ഉച്ചഭക്ഷണം പാകം ചെയ്യുന്ന സമയത്ത് പാത്രത്തില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മിര്‍സാപൂരിലെ ലാല്‍ഗഞ്ചിലെ രാംപൂര്‍ അറ്റാരി പ്രൈമറി സ്‌കൂളിലാണ് സംഭവം. സമീപത്ത് ഉണ്ടായിരുന്ന കെട്ടിട നിര്‍മാണ സാമഗ്രികളില്‍ തട്ടി കാലിടറി പെണ്‍കുഞ്ഞ് പാത്രത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന  അംഗന്‍വാടിയിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി വേവിക്കുന്ന പാത്രത്തിലേക്കാണ് വീണത്.

പാചകക്കാരന്‍ ഇയര്‍ഫോണുകള്‍ വെച്ചതിനാല്‍ സ്റ്റൗവ്വിന് സമീപം അപകടകരമായ സാഹചര്യത്തില്‍ കളിക്കുകയായിരുന്ന കുട്ടികളെ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് കുട്ടിയുടെ കുടുബാംഗങ്ങള്‍ ആരോപിച്ചു. സമീപത്തുള്ള കെട്ടിടസാമഗ്രികളില്‍ തട്ടി ഭക്ഷണം പാകം ചെയ്യുകയായിരുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു.

അപകടം നടന്ന ഉടനെ അധ്യാപകരും പാചകക്കാരും ചേര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മിര്‍സാപൂരിലെ ഡിവിഷനല്‍ ഹോസ്പിറ്റലിലേക്ക്  കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.ചികിത്സയിലിരിക്കെ അഞ്ചുമണിയോടെ കുഞ്ഞ് മരിച്ചു. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
 

Latest News