വുഹാനില്‍ പോയ എയര്‍ ഇന്ത്യ വിമാനത്തിലെ ജോലിക്കാര്‍ക്ക് ഒരാഴ്ച അവധി

ന്യൂദല്‍ഹി- പുതിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദമായ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിനു പോയ എയര്‍ ഇന്ത്യ വിമാനങ്ങളിലെ ജോലിക്കാരെ ഒരാഴ്ചത്തെ അവധിക്കയച്ചു.

600-ലേറെ ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് രണ്ട് വിമാനങ്ങളാണ് ദല്‍ഹിയില്‍നിന്ന് പോയിരുന്നത്. 30 കാബിന്‍ ക്രൂ, എട്ട് പൈലറ്റുമാര്‍, 10 കമേഴ്്ഷ്യല്‍ സ്റ്റാഫ്, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവരടക്കം 64 ജീവനക്കാര്‍ക്കാണ് ഒരാഴ്ചത്തെ ദീര്‍ഘ അവധി നല്‍കിയത്.

വൈറസ് ബാധ കൈകാര്യം ചെയ്ത് പരിചയമുള്ള ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് ധാരാളം ഇന്ത്യന്‍ വിദ്യാര്‍ഥികളടങ്ങുന്ന സംഘത്തെ കൊണ്ടുവരാന്‍ വുഹാനിലേക്ക് പോയിരുന്നത്. മലയാളികളായ നഴ്‌സുമാരുടെ സേവനവും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉപയോഗപ്പെടുത്തിയിരുന്നു. വുഹാനില്‍നിന്ന് തിരികെ എത്തിച്ച ഇന്ത്യക്കാരെ പ്രത്യേക ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരുന്നത്. 14 ദിവസം നിരീക്ഷണം നടത്തി വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമെ ഇവരെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുകയുള്ളൂ.

 

Latest News