Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജാമിഅ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്ത യുവാവിന് തോക്ക് നൽകിയത് ബി.എഡ് വിദ്യാർഥി 

ന്യൂദൽഹി- ജാമിഅ വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്ത യുവാവിന് തോക്ക് വിറ്റത് അധ്യപകനാകാൻ പഠിക്കുന്ന യുവാവ്. ഉത്തർപ്രദേശ് സർവകലാശാലയിൽ ബി.എഡിന് പഠിക്കുന്ന അജീത് (25) എന്ന യുവാവാണ് ഇന്നലെ ഡൽഹി പോലീസിന്റെ പിടിയിലായത്. ഉത്തർപ്രദേശിലെ ജേവാറിലെ ഷാജ്പൂർ ഗ്രാമത്തിലെ വീട്ടിൽനിന്നാണ് ഇയാളെ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 
അതിനിടെ ജാമിഅ സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ നേർക്ക് ഞായറാഴ്ച രാത്രി വീണ്ടും വെടിവെപ്പുണ്ടായിരുന്നു. ഒരു ചുവന്ന സ്‌കൂട്ടിയിലെത്തിയ രണ്ട് പേരാണ് വെടിയുതിർത്തത്. ഇതുവരെയും അക്രമികളെക്കുറിച്ച് ഡൽഹി പോലീസിന് വിവരമൊന്നും തന്നെ ലഭിച്ചിട്ടില്ല. 


അക്രമികൾ വന്ന വാഹനത്തിന്റെ നമ്പർ ഉൾപ്പടെ നൽകിയിട്ടും പോലീസ് പ്രതികളെ പിടിക്കാൻ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. സംഭവ സ്ഥലത്തുനിന്ന് ബുള്ളറ്റ് ഷെല്ലുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു പോലീസിന്റെ വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വെടിവെപ്പിൽ ജാമിയ സർവകലാശാല വിദ്യാർഥ ഷദാബിന്റെ കൈക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ആദ്യ ദിവസം പ്രതിഷേധത്തിന് നേർക്കുണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ പിടിയിലായ യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന് ഡൽഹി പോലീസിന്റെ വാദത്തെ തുടർന്ന് കോടതി 14 ദിവസത്തെ സംരക്ഷിത കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇയാൾ പതിനായിരം രൂപയ്ക്ക് നാടൻ തോക്കും രണ്ട് വെടിയുണ്ടകളും വാങ്ങിയത് അധ്യപകനാകാൻ പഠിക്കുന്ന അജീതിൽ നിന്നാണ്. 


അധ്യാപക പരിശീലനം നടത്തുന്ന അജീത് മുൻ ഗുസ്തി ചാമ്പ്യനുമാണ്. ഇയാളെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് ദിയോ പറഞ്ഞു.  
വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്ത യുവാവ് ദുർഗുണ പരിഹാര പാഠശാലയിലാണ് റിമാൻഡിൽ കഴിയുന്നത്. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് അജീതിൽനിന്ന് തോക്ക് വാങ്ങിയതെന്നാണ് ഇയാൽ പോലീസിനോട് പറഞ്ഞത്. 


അന്വേഷണ സംഘം യുവിവാന്റെ ബന്ധുവിനെ പിടികൂടിയിരുന്നു. മറ്റൊരു ബന്ധുവിന്റെ വിവാഹത്തിന് ആചാരവെടി മുഴക്കാനാണ് തോക്ക് വാങ്ങുന്നതെന്നാണ് യുവാവ് ഇയാളോട് പറഞ്ഞിരുന്നത്. അങ്ങനെയാണ് അജീതിൽനിന്ന് പതിനായിരം രൂപയ്ക്ക് തോക്ക് വാങ്ങി നൽകിയത്. എന്നാൽ, ഇയാൾക്ക് ഡൽഹിയിൽ പോയി പ്രതിഷേധക്കാരുടെ നേർക്ക് വെടി വെക്കാൻ പദ്ധതി ഉണ്ടായിരുന്ന കാര്യം തനിക്കറിയില്ലെന്നാണ് ബന്ധു ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്. 
ഗ്രാമത്തിൽ തന്നെയുള്ള മറ്റൊരാളിൽ നിന്നാണ് തനിക്ക് തോക്ക് ലഭിച്ചതെന്നാണ് അജീത് പറഞ്ഞത്. എന്നാൽ, തോക്ക് നൽകിയ ആളെ ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ഇയാൾ പറയുന്നു. ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നും ഇയാൾ അന്വേഷണത്തെ വഴി തിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. 


ഉത്തർപ്രദേശിലെ ജേവാറിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് ഡൽഹിയിലേക്ക് വന്നത് ഷഹീൻ ബാഗ് സമര സ്ഥലത്തേക്കായിരുന്നു. എന്നാൽ, ഓട്ടോറിക്ഷ ഡ്രൈവർ സ്ഥലം മാറി ജാമിയ സർവകലാശാലയ്ക്ക് മുന്നിൽ ഇറക്കി വിടുകയായിരുന്നു. ഷഹീൻ ബാഗിലെത്തി ആകാശത്തേക്ക് വെടിവെക്കാനാണ് താൻ വന്നതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. അങ്ങനെ പ്രശസ്തനാകുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നും ഡൽഹി പോലീസ് പറയുന്നു. ഫേസ് ബുക്കിലും വാട്‌സ്ആപ്പിലും വരുന്ന വിദ്വേഷ സന്ദേശങ്ങൾ വായിച്ചാണ് അടുത്ത മാസം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥിക്കു വഴി തെറ്റിയതെന്നാണ് പോലീസ് പറയുന്നത്. വിദ്യാർഥി എന്ന് പോലീസ് പറയുന്ന യുവാവ് താൻ സംഘ്പരിവാർ സംഘടനയായ ബജ്‌രംഗ്ദൾ പ്രവർത്തകനാണെന്ന് ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു.


യുവാവിനെ രക്ഷിക്കാൻ മനഃപൂർവം പ്രായം കുറച്ചു കാണിക്കുന്നതാണെന്ന ശക്തമായ ആരോപണം ഉയർന്നിട്ടുണ്ട്. ഇയാളുടെ അസ്ഥി പരിശോധന നടത്തി യഥാർഥ പ്രായം നിർണയിക്കാൻ ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ചുമതല വഹിക്കുന്ന ഡി.സി.പി.രാജേഷ് ദിയോ പറഞ്ഞു. 

 

Latest News