അഹമ്മദാബാദ്-ഭര്‍ത്താവിന്റെ മുന്‍ കാമുകിയെ ഭാര്യ അതിക്രൂരമായി ഉപദ്രവിച്ചതായി ആരോപണം. ഗുജറാത്ത് വദജ് മേഖലയില്‍ നിന്നുള്ള 22കാരിയായ പെണ്‍കുട്ടിയാണ് മുന്‍ കാമുകന്റെ ഭാര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ ആക്രമിച്ച യുവതിയുടെ ഭര്‍ത്താവായ ഗിരീഷ് എന്നയാളുടെ തുണിക്കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ വച്ച് ഇയാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും എന്നാല്‍ മറ്റൊരു സ്ഥലത്ത് ജോലിക്കായി പോയതോടെ ഈ ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഗിരീഷ് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചതോടെ ഇരുവരും തമ്മില്‍ വീണ്ടും സംസാരിക്കാന്‍ ആരംഭിച്ചു. ഇതില്‍ അസ്വസ്ഥയായ ഗിരീഷിന്റെ ഭാര്യ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. മറ്റ് രണ്ട് സ്ത്രീകളുടെ സഹായത്തോടെ തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്നുമാണ് പരാതി. തനിക്കെ നേരെ ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പെണ്‍കുട്ടി പറയുന്നു.
പരാതി പ്രകാരം കേസെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിനാണ് അറസ്റ്റ്.