ജിദ്ദ- മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് പൂർത്തിയാക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതിയിൽ മക്ക- മദീന സർവീസ് അടുത്ത ജനുവരിയിൽ ആരംഭിക്കുമെന്ന് ഹറമൈൻ ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള നോൺ സ്റ്റോപ്പ് സർവീസാണ് ജനുവരിയിൽ ആരംഭിക്കുക. കഴിഞ്ഞ മാസം ഈ പാതയിൽ ജിദ്ദയിൽനിന്ന് മദീനയിലേക്കും തിരിച്ചും ട്രെയിൻ സർവീസ് നടത്തിയിരുന്നു. മാധ്യമപ്രവർത്തകരും പദ്ധതി നടപ്പാക്കുന്ന കമ്പനികളിലെ ഉദ്യോഗസ്ഥരും മുതിർന്ന നേതാക്കളും കന്നി സർവീസിൽ യാത്ര ചെയ്തു.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിൽ ഹറമൈൻ സർവീസിന്റെ റെയിൽപാളം സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നുണ്ട്. ജിദ്ദ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം നിർമാണം അന്തിമ ഘട്ടത്തിലാണ്. ഇവിടെ ആകെ എട്ടു പ്ലാറ്റ്‌ഫോമുകളാണ് നിർമിക്കുന്നത്. ജിദ്ദ, ജിദ്ദ എയർപോർട്ട്, മക്ക സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം നിർമാണം അടുത്ത വർഷം ആദ്യ പാദത്തിൽ പൂർത്തിയാകും. ജിദ്ദക്കും മക്കക്കും ഇടയിൽ ട്രെയിനുകൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്ന ഒന്നാം നമ്പർ വൈദ്യുതി നിലയത്തിന്റെ നിർമാണവും വൈകാതെ പൂർത്തിയാകും.
ഹജ്, ഉംറ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് 450 കിലോമീറ്റർ നീളത്തിലാണ് വൈദ്യുതീകരിച്ച റെയിൽപാത നിർമിക്കുന്നത്. ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ആകെ അഞ്ചു സ്റ്റേഷനുകളാണുള്ളത്.
ജിദ്ദ, മക്ക, മദീന, റാബിഗ് എന്നിവിടങ്ങളിലും ജിദ്ദയിലെ പുതിയ എയർപോർട്ടിലും. ഹറമൈൻ ട്രെയിൻ പദ്ധതിക്കായി 35 ട്രെയിനുകൾ നിർമിച്ച് നൽകുന്നതിന് സ്പാനിഷ് കൺസോർഷ്യത്തിന് കരാർ നൽകിയിട്ടുണ്ട്. ഏതാനും ട്രെയിനുകൾ ഇതിനകം എത്തിക്കഴിഞ്ഞു. മണിക്കൂറിൽ 300 കിലോമീറ്ററിലേറെ വേഗമുള്ള ഇലക്ട്രിക് ട്രെയിനുകളാണ് ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ഉപയോഗിക്കുക.