കൊണ്ടോട്ടി- ഇനിയൊരു ദുരന്തം താങ്ങാൻ അവർക്കാവില്ല,ഈ ദുരന്തം അവരുടെ ഓർമ്മകളിൽ നിന്ന് മായുകയുമില്ല. ഇത് ഒളവട്ടർ എച്ച്.ഐ.ഒ.എച്ച്.എസ് സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്‌മെന്റും നാട്ടുകാരും. ഞായറാഴ്ച സ്‌കൂളിലെ മലയാളം അധ്യാപകൻ ശാന്തകുമാറിന്റെ മരണവാർത്ത കേട്ടാണ് ആദ്യം സ്‌കൂൾ അധികൃതരും നാട്ടുകാരും നടുങ്ങിയത്. തിങ്കളാഴ്ച കോഴിക്കോട് ഉള്ളേരിയിൽ ശാന്തകുമാറിന്റെ മരാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ ഇതേ സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാർത്ഥിനി ആയിഷ റിൻഷ(15),ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി നാജിയ ഷെറിൻ(13)എന്നിവർ കരിങ്കൽ ക്വാറിയിലെ വെളളക്കെട്ടിൽ മുങ്ങി മരിച്ച വാർത്ത എത്തുന്നത്.
ശനിയാഴ്ച സ്‌കൂളിൽ നിന്ന് മടങ്ങുന്നതിനിടെ സഹപ്രവർത്തകന്റെ മകന്റെ വിവാഹത്തിന് ഞായറാഴ്ച എത്താൻ കഴിയില്ലെന്ന് അറിയിച്ച് അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങിയതാണ് ശാന്തകുമാർ. ഞായറാഴ്ച വയനാട് പഠിക്കുന്ന മകളെ താമരശ്ശേരിയിൽ ബൈക്കിൽ എത്തിച്ച് മടങ്ങുന്നതിനിടെയാണ് ശാന്തകുമാറിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.1993 മുതൽ മലയാളം അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശാന്തകുമാർ അടുത്ത വർഷം പിരിയാനിരിക്കെയാണ് മരണം. സഹപ്രവർത്തകർക്കും മാനേജ്‌മെന്റിനും വിദ്യാർത്ഥികൾക്കും പ്രിയ അധ്യാപകന്റെ മരണം ഉൾക്കൊളളാനായിരുന്നില്ല. സ്‌കൂളിന് തിങ്കളാഴ്ച അവധി നൽകി സഹപ്രവർത്തകർ അന്ത്യോപചാരം അർപ്പിക്കാൻ ശാന്തകുമാറിന്റെ വീട്ടിലെത്തിയപ്പോഴാണ് രണ്ട് വിദ്യാർത്ഥികളുടെ മരണ വാർത്ത കേൾക്കുന്നത്.കേട്ട വാർത്ത ശരിയാവരുതെന്ന് കരുതി അധ്യാപകർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഓടി.കാണാനായത് ചേതനയറ്റ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം.
സ്‌കൂൾ അവധിയായതിനാലാണ് വീടിനടുത്തുള്ള ക്വാറിയിൽ നിന്ന് വീട്ടിലേക്കുളള പൈപ്പ് കേടുപാടികൾ നോക്കാനായി ആയിഷ റിൻഷയും നാജിയ ഷെറിനും പോയത്.സഹോദരങ്ങളുടെ മക്കളാണെങ്കിലും ഇരുമെയ്യും ഒരുമനവുമായിരുന്ന ഇരുവരും.പഠനത്തിലും ഇരുവരും മിടുക്കികളായിരുന്നു. അധ്യാപകരുമായി പെരുമാറുന്ന കാര്യത്തിലും പഠനനിലവാരത്തിലും ഇരുവരും കേമത്തികളായിരുന്നുവെന്ന് സ്‌കൂൾ സ്റ്റാഫ് സെക്രട്ടറിയും ഉറുദു അധ്യാപകനുമായ ശിഹാബുദ്ധീൻ പറഞ്ഞു.മൂവരുടെയും വേർപ്പാട് ഞങ്ങൾക്ക് ജീവിതത്തിൽ മറക്കാനാവില്ലെന്നും അദ്ദേഹം പരഞ്ഞു.മരണത്തിലും ഒരുമിച്ച കൂട്ടുകാരികളുടെ ദുരന്തവാർത്ത കേട്ട് വിദ്യാലയം വിറങ്ങലിച്ചിരിക്കുകയാണ്.
അപകടം-ഉപയോഗ ശുന്യമായ ക്വാറിയിൽ
കൊണ്ടോട്ടി- സ്‌കൂൾ വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച കരിങ്കല്ല് ക്വാറി നേരത്തെ പ്രവർത്തനം നിർത്തിയത്.പാരിസ്ഥിതിക അനുമതി വേണമെന്ന നിയമം കർക്കശമാക്കിയതോടെയാണ് ക്വാറിയിടെ പ്രവർത്തനം നിർത്തിയത്.
ജില്ലയിൽ കരിങ്കല്ല് ക്വാറികൾ ഏറെയുളള മേഖലയാണിത്.പ്രവർത്തിക്കുന്നതും അല്ലാത്തതുമായ നിരവധി ക്വാറികൾ ഇവിടെയുണ്ട്.ഉപയോഗ ശൂന്യമായ ക്വാറിയിൽ വെളളക്കെട്ടാണ്.ഇന്നലെ അപകടമുണ്ടായ ക്വാറിയിൽ നിന്ന് അകലെയായുളള ക്വാറിയിൽ രണ്ട് പേർ മരിച്ചിരുന്നു.