Sorry, you need to enable JavaScript to visit this website.

പൊളിച്ച ഫ്ളാറ്റ് മാലിന്യങ്ങൾ നീക്കുന്ന രീതിയിൽ  ഹരിത ട്രൈബ്യൂണലിന് അതൃപ്തി

കൊച്ചി- തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കിയ മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളുടെ കോൺക്രീറ്റ് മാലിന്യങ്ങൾ നീക്കുന്ന രീതിയിൽ ഹരിത ട്രൈബൂണൽ മോണിറ്ററിംഗ് സമിതിക്ക് അതൃപ്തി. നേരത്തെ നിർദേശിച്ച പ്രകരാം 45 ദിവസത്തിനുള്ളിൽ തന്നെ മാലിന്യം നീക്കം ചെയ്യണമെന്ന് കൊച്ചിയിൽ ചേർന്ന ഗ്രീൻ ട്രൈബൂണൽ മോണിറ്ററിംഗ് സമിതി അധികൃതർക്ക് നിർദേശം നൽകി. മാലിന്യം നീക്കുന്നതിൽ വേഗത പോരെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കൊച്ചിയിൽ അവലോകന യോഗം ചേർന്നത്. മാലിന്യ സംസ്‌കരണ ഇടം 30 അടി ഉയരത്തിൽ മറച്ചു കെട്ടണമെന്ന് സമിതി നിർദേശം നൽകിയിരുന്നു.

പരിസര പ്രദേശങ്ങളിലെ പൊടിശല്യം ഒഴിവാക്കാൻ മാലിന്യങ്ങളിൽ കൃത്യമായ അളവിൽ വെള്ളം ഉപയോഗിച്ച് നനയ്ക്കണം എമെന്നതടക്കമുള്ള  നിർദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ഇവ പലതും പാലിക്കപ്പെട്ടില്ലെന്നും സമിതി വിലയിരുത്തി. പൊടി ശല്യം ഇല്ലാതാക്കാൻ കൃത്യമായ അളവിൽ വെള്ളം ഉപയോഗിക്കുന്നില്ലെന്നും സമിതി വിലയിരുത്തി. അവശിഷ്ടങ്ങളിലെ പൊടി ശല്യം ഒഴിവാക്കാൻ നനയ്ക്കുന്ന വെള്ളം കൂടുതൽ മലിനമായി കായലിൽ തന്നെ ഒഴുകിയെത്തുന്നതായും സമിതി കണ്ടെത്തി. ഇത് മൽസ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കും.കോൺഗ്രീറ്റ് മാലിന്യങ്ങൾ നിലം നികത്താൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും സമിതി നിർദേശിച്ചു.

മാലിന്യവുമായി പോകുന്ന വാഹനങ്ങൾ കൃത്യമായി മൂടിയാണ് കൊണ്ടുപോകുന്നതെന്ന് ഉറപ്പാക്കണമെന്നും സമിതി നിർദേശിച്ചു. മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്തിരിക്കുന്ന കമ്പനി പ്രതിനിധികളെയും സമിതി വിളിച്ചു വരുത്തി നിർദേശം നൽകി. നിർദേശങ്ങൾ കർശനമായി പാലിക്കിന്നില്ലെങ്കിൽ വിവരം ഹരിത ട്രൈബ്യൂണലിന് റിപോർട് ചെയ്യുമെന്ന് യോഗത്തിനു മുമ്പായി സ്ഥലം സന്ദർശിച്ച സമിതി ചെയർമാൻ എ വി രാമകൃഷ്ണപിള്ള മാധ്യമ പ്രവർത്തകരോട് പറഞ്ഞു.റിപോർടിന്റെ അടിസ്ഥാനത്തിൽ ഗ്രീൻട്രൈബുണൽ സ്വീകരിക്കുന്ന നടപടി എന്താണെങ്കിലും അതിന്റെ ഫലം ബന്ധപ്പെട്ടർ അനുഭവിക്കേണ്ടി വരുമെന്നും എ.വി രാമകൃഷ്ണപിളള വ്യക്തമാക്കി.
 

Latest News