Sorry, you need to enable JavaScript to visit this website.

ഉത്സവസ്ഥലങ്ങളിൽ സംഘർഷമുണ്ടാക്കാൻ സംഘപരിവാർ നീക്കം -സി.പി.എം

കണ്ണൂർ-  സംഘർഷമുണ്ടാക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.വി. ജയരാജൻ അഭ്യർത്ഥിച്ചു. 
വിവിധ മതവിശ്വാസികളുടെ ഉത്സവങ്ങളുടെ കാലമാണിപ്പോൾ. ഉത്സവകാലത്ത് എല്ലാവിഭാഗം ജനങ്ങളും ഒത്തുകൂടും. ഉത്സവസ്ഥലങ്ങളിൽ സംഘർഷമുണ്ടാക്കാനാണ് സംഘപരിവാർ നീക്കം. 
ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ ജാതിമതരാഷ്ട്രീയഭേദമന്യേ വ്യാപകമായ പ്രതിഷേധം രാജ്യത്താകെ ഉയർന്നുവന്നതിനെത്തുടർന്ന് സംഘപരിവാർ ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ വെടിവെക്കാൻ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ആഹ്വാനം ചെയ്യുകയും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്നു. അത് അനുയായികൾ നടപ്പിലാക്കുന്നു. 


കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ ആർ.എസ്.എസ് നേതൃത്വത്തിൻെറ ആഹ്വാനത്തിൻെറ തുടർച്ചയും ഉത്തരേന്ത്യൻ മാതൃക നടപ്പാക്കലുമാണ്. അഴീക്കോട് ചക്കരപ്പാറ സി.പി.എം അംഗവും ദേശാഭിമാനി ജീവനക്കാരനുമായ എം. സനൂപിന്റെയും, കടലായി ക്ഷേത്രത്തിന് സമീപം അരുണിന്റെയും വീടുകൾക്ക് നേരെ നടത്തിയ ആക്രമണവും, എരഞ്ഞോളിപ്പാലത്തിന് സമീപം സുമിത്തിന്റെ തലക്ക് ആയുധമുപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ചതും, പാനൂരിൽ ഒരാളെ കുത്തിക്കൊന്നുവെന്ന് പ്രചരിപ്പിച്ചതും, തിരുവങ്ങാട് സി.പി.എം ഓഫീസിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ തകർത്തതുമെല്ലാം സംഘപരിവാറിൻെറ ആസൂത്രിത ആക്രമണ പദ്ധതിയുടെ ഭാഗമാണ്. 


ജില്ലയിൽ യാതൊരു സംഘർഷവും നിലവിലില്ല. നിലനിൽക്കുന്ന സമാധാന അന്തരീക്ഷം ഇല്ലാതാക്കിയാൽ മാത്രമേ പൗരത്വനിയമഭേദഗതിക്കെതിരെ ഉയർന്നുവന്ന ജനകീയ പ്രതിഷേധത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ കഴിയൂവെന്ന് സംഘപരിവാറിനറിയാം. ബി.ജെ.പിക്ക് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ കഴിയാത്ത വിധം കണ്ണൂർ ജില്ലയിൽ ഗ്രൂപ്പ് തർക്കം പ്രകടമാണ്. പൊയിലൂരിൽ സി.പി.എം നിരോധിത മേഖല എന്ന ഫഌക്‌സ് ബോർഡ് സ്ഥാപിച്ച ആർ.എസ്.എസ് തങ്ങളുടെ ഫാസിസ്റ്റ് സ്വഭാവമാണ് വ്യക്തമാക്കിയത്. ഇന്ത്യൻ ഭരണഘടന നൽകുന്ന ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഭരണം ഉപയോഗിച്ച് നിരോധിക്കുന്നവർ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതിൽ വലിയ അത്ഭുതമില്ല. 
ഇത്തരം പ്രചാരണങ്ങളെ ജനാധിപത്യമതേതരവിശ്വാസികൾ അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. ആക്രമണങ്ങൾക്കെതിരെ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കണം. ആക്രമണത്തിനെതിരെ ജനകീയ പ്രതിഷേധമുയർത്തി കൊണ്ടുവരികയും പ്രകോപനങ്ങളിൽ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

 

Latest News