- ഐസൊലേഷനിൽ പാർപ്പിക്കുന്നത് തുടരും
റിയാദ് - ചൈനയിലെ വുഹാനിൽനിന്ന് ഒഴിപ്പിച്ച് പ്രത്യേക വിമാനത്തിൽ കഴിഞ്ഞ ദിവസം റിയാദിലെത്തിച്ച പത്തു സൗദി വിദ്യാർഥികൾക്കും പുതിയ കൊറോണ ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. മുൻകരുതലെന്നോണവും കൂടുതൽ പരിശോധനകൾ നടത്തുന്നതിനും ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പതിനാലു ദിവസം ഇവരെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷനിൽ പാർപ്പിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വിദ്യാർഥികളെ സൗദിയിലെത്തിച്ച പ്രത്യേക വിമാനത്തിലെ ജീവനക്കാരെയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മെഡിക്കൽ നിരീക്ഷണത്തിലുള്ള ഇവർക്കും പരിശോധനകൾ നടത്തുന്നു. സൗദിയിൽ ഇതുവരെ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ കേന്ദ്രമായ വുഹാനിൽ കടുത്ത ദുരിതത്തിലാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം പതിനഞ്ചു ദിവസത്തോളമാണ് തങ്ങൾ വുഹാനിൽ കഴിച്ചുകൂട്ടിയതെന്ന് സർക്കാർ സ്‌കോളർഷിപ്പോടെ ചൈനയിൽ ഉപരിപഠനം നടത്തുന്ന അബ്ദുറഹ്മാൻ പറഞ്ഞു. താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങിയിരുന്നില്ല. അത്യാവശ്യ കാര്യത്തിന് ആരെങ്കിലും പുറത്തിറങ്ങുകയാണെങ്കിൽ തന്നെ ഒന്നിലധികം മാസ്‌കുകൾ ധരിക്കുകയും അണുനശീകരണ പദാർഥങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളാണ് കൊറോണ വ്യാപനം പ്രത്യക്ഷപ്പെട്ട ശേഷം വുഹാനിൽ താൻ ചെലവഴിച്ചത്.
ഒരിക്കലും ഉറങ്ങാത്ത വലിയ നഗരമായ വുഹാൻ, കൊറോണ പ്രത്യക്ഷപ്പെട്ടതോടെ പ്രേതഭൂമി പോലെയായി. തെരുവുകൾ വിജനമാവുകയും വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചുപൂട്ടുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ് മുൻകരുതലെന്നോണം വാങ്ങി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചാണ് തങ്ങൾ ജീവൻ നിലനിർത്തിയത്. എല്ലാ വിദ്യാർഥികളും തങ്ങളുടെ താമസസ്ഥലങ്ങളിലാണ് കഴിഞ്ഞിരുന്നത്. ഇക്കാലത്ത് തങ്ങളാരും നന്നായി ഉറങ്ങിയിരുന്നില്ല. വാട്‌സ് ആപ്പിലൂടെയാണ് പരസ്പരം ആശയവിനിമം നടത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നത്. ചൈനയിലെ സൗദി എംബസി ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നു. എംബസിയുടെ സഹായത്തോടെയാണ് വുഹാനിൽനിന്ന് പ്രത്യേക വിമാനത്തിൽ ഒഴിപ്പിച്ചതെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു മുമ്പ് ചൈനീസ് ദേശീയോത്സവം പ്രമാണിച്ച് വിദ്യാർഥികൾക്ക് നൽകിയ അവധി പ്രയോജനപ്പെടുത്തി താനും കുടുംബവും സ്വദേശത്തേക്ക് മടങ്ങുകയായിരുന്നെന്ന് ഫഹദ് അരീശി പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് തങ്ങൾ സ്വദേശത്ത് തിരിച്ചെത്തിയത്. അതിനു മുമ്പു തന്നെ കൊറോണ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ചൈനീസ് അധികൃതർ കാര്യങ്ങൾ മൂടിവെക്കുകയായിരുന്നു.
താനും കുടുംബവും നാട്ടിൽ തിരിച്ചെത്തിയ ശേഷം സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറുകയും ചൈനീസ് അധികൃതർ വുഹാൻ നഗരം അടക്കുകയുമായിരുന്നു. പത്തു സൗദി വിദ്യാർഥികളാണ് വുഹാനിൽ കുടുങ്ങിയിരുന്നത്. കാറുകളിൽപോലും പുറത്തുപോകുന്നതിൽനിന്ന് ഇവരെ ചൈനീസ് അധികൃതർ വിലക്കി. പ്രത്യേക വിമാനത്തിൽ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിന് സൗദി എംബസി തുടക്കത്തിൽ നടത്തിയ ശ്രമങ്ങളും ചൈനീസ് ഗവൺമെന്റ് തടഞ്ഞു. പരിശോധനകൾ നടത്തി രോഗവിമുക്തരാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രത്യേക വിമാനത്തിൽ ഇവരെ ഒഴിപ്പിക്കുന്നതിന് ചൈനീസ് അധികൃതർ അനുമതി നൽകിയതെന്നും ഫഹദ് അരീശി പറഞ്ഞു.






