Sorry, you need to enable JavaScript to visit this website.

ഏലക്ക വിലക്കയറ്റം പ്രതീക്ഷിച്ച് കർഷകർ; റബർ ടാപ്പിംഗ്  പ്രതിസന്ധിയിലേക്ക്

ഏലക്ക സീസൺ കഴിഞ്ഞു, കർഷകർ വിലക്കയറ്റത്തെ ഉറ്റ്‌നോക്കുന്നു. വരണ്ട കാലാവസ്ഥയും വേനൽ മഴയുടെ അഭാവവും മൂലം കർഷകർ ഏലതോട്ടങ്ങളിൽ നിന്ന് പിൻവലിയുകയാണ്. വരണ്ട കാലാവസ്ഥ തുടർന്നാൽ ഏല ചെടികൾ നിലനിൽപ്പ് ഭീഷണിയിലാവുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം കർഷകർ. അതേ സമയം ജലസേചന സൗകര്യമുള്ള ചുരുക്കം ചിലതോട്ടങ്ങളിൽ അവസാന റൗണ്ട് വിളവെടുപ്പ് പുരോഗമിക്കുന്നു. എന്തായാലും മാസമധ്യത്തോടെ വിളവെടുപ്പ് പൂർണമായി സ്തംഭിക്കുന്ന അവസ്ഥയാണ്. ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് കുറഞ്ഞെങ്കിലും വാങ്ങലുകാർ കാര്യമായ ആവേശം ഒന്നും പുറമെ കാണിക്കാതെ വിലക്കയറ്റത്തെ പിടിച്ചു നിർത്തി ചരക്ക് സംഭരണത്തിന് പോയവാരം ശ്രമിച്ചു. ഇത് മൂലം പല ലേലങ്ങളിലും മികച്ചയിനങ്ങൾ 4000 രൂപയ്ക്ക് മുകളിൽ ഇടം കണ്ടെത്താൻ ക്ലേശിച്ചു. എന്നാൽ വാരാവസാനം മികച്ചയിനങ്ങൾ കിലോ 4305 ലേയ്ക്ക് ഉയർന്നത് സ്‌റ്റോക്കിസ്റ്റുകളുടെ ആത്മവിശ്വാസം ഉയർത്തി. ജനുവരി ആദ്യം 7000 രൂപ വരെ ഏലക്ക വില ഉയർന്നിരുന്നു, ഓഫ് സീസണിൽ ഉൽപന്നം റെക്കോർഡ് പുതുക്കാം. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ലേല കേന്ദ്രങ്ങളിൽ സജീവമാണ്. 


കുരുമുളക് വിളവെടുപ്പ് പുരോഗമിച്ചിട്ടും ടെർമിനൽ മാർക്കറ്റിൽ ലഭ്യത ഉയർന്നില്ല. ഉത്തരേന്ത്യൻ അന്വേഷണങ്ങൾ കുറഞ്ഞത് മുന്നേറ്റം സാധ്യതകളെ തൽക്കാലികമായി പിടിച്ചു നിർത്തി. ഈ മാസം വരവ് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് വ്യാപാരികൾ. എന്നാൽ പല മേഖലകളിലും ഉൽപാദനം പ്രതീക്ഷിച്ചതോതിൽ ഉയർന്നിട്ടില്ല. വേണ്ടത്ര മഴ ലഭിക്കാഞ്ഞത് മുളകിന് മുഴുപ്പ് കുറയാൻ ഇടയാക്കി. ഉത്തരേന്ത്യൻ ഡിമാൻറ് മങ്ങിയത് മൂലം അൺ ഗാർബിൾഡ് 31,800 ൽ നിന്ന് 31,100 രൂപയായി. വിദേശത്ത് നിന്ന് കുരുമുളകിന് അന്വേഷണങ്ങളില്ല. 


ഉൽപാദകർ പുതിയ ചുക്ക് ഇറക്കാൻ ഉത്സാഹിച്ചു. പല അവസരങ്ങളിലും ഉണക്ക് കൂടിയ മികച്ചയിനം ചുക്ക് എത്തിയത് കയറ്റുമതിക്കാതെ ആകർഷിച്ചു. മികച്ചയിനങ്ങൾ കിലോ 290 രൂപ വരെ ഉയർന്നു. അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഓർഡറുകൾക്ക് സാധ്യതയുണ്ടെങ്കിലും മൊത്ത വിപണിയിൽ നിരക്ക് സ്‌റ്റെഡിയാണ്. വിവിധയിനം ചുക്ക് വില 26,500 27,500 രൂപ. 
സംസ്ഥാനത്ത് പകൽ താപനില കനത്തതോടെ റബർ ടാപ്പിങ് രംഗം പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങിയതിനാൽ ഇനി അധിക ദിവസം ടാപ്പിങ് തുടരാനാവില്ല. ഇതിനിടയിൽ ടയർ കമ്പനികൾ നാലാം ഗ്രേഡ് ഷീറ്റ് വില 200 രൂപ കുറച്ച് 13,500 ന് സംഭരിച്ചു. അഞ്ചാം ഗ്രേഡ് 12,900 രൂപയിലും ലാറ്റക്‌സ് 8500 രൂപയിലുമാണ്. ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ മെയ് അവധി 175 യെന്നിലേയ്ക്ക് ഇടിഞ്ഞു. തായ്‌ലന്റിൽ നാലാം ഗ്രേഡിന് തുല്യമായ റബർ വില 11,350 രൂപയിൽ നിന്ന് 10,900 ലേയ്ക്ക് താഴ്ന്നു. 


വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിയത് ആഭ്യന്തര മാർക്കറ്റുകൾ നേട്ടമാക്കുന്നു. ജനുവരിയിൽ മലേഷ്യൻ പാം ഓയിൽ ഇറക്കുമതി ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഇന്ത്യൻ വ്യവസായികൾ ഇന്തോനേഷ്യൻ പാം ഓയിലിനെയാണ് ഇപ്പോൾ മുഖ്യമായും ആശ്രയിക്കുന്നത്. ഇത് മനസിലാക്കി പാം ഓയിൽ കയറ്റുമതി നികുതി ഫെബ്രുവരി ഒന്ന് മുതൽ ഉയർത്താൻ ഇന്തോനേഷ്യ വാരാന്ത്യം തീരുമാനിച്ചു. ഇതിനിടയിൽ തമിഴ്‌നാട് ലോബി വില ഉയർത്തി കൊപ്ര ശേഖരിച്ചതോടെ കൊച്ചിയിൽ വെളിച്ചെണ്ണ വില 15,300 രൂപയായും കൊപ്ര 10,260 രൂപയായും ഉയർന്നു. 


കേരളത്തിൽ സ്വർണ വില റെക്കോർഡ് തലത്തിൽ. ആഭരണ വിപണികളിൽ പവൻ 30,000 രൂപയിൽ നിന്ന് 30,200 ലേയ്ക്കും വാരമധ്യം കയറിയെങ്കിലും പിന്നീട് നിരക്ക് 29,880 ലേയ്ക്ക് ഇടിഞ്ഞു. എന്നാൽ വാരാവസാനം വിപണി വീണ്ടും ചൂടുപിടിച്ച് ശനിയാഴ്ച്ച 30,400 രൂപയായി. ഒരു ഗ്രാം സ്വർണ വില 3800 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1571 ഡോളറിൽനിന്ന് 1591 ഡോളർ വരെ ഉയർന്നു.      

Latest News