Sorry, you need to enable JavaScript to visit this website.

ബജറ്റ് പ്രഖ്യാപന വേളയിൽ  ഓഹരി വിപണി ദർശിച്ചത്  ഏറ്റവും കനത്ത തകർച്ച

ഓഹരി നിക്ഷേപകർ ബജറ്റ് സൃഷ്ടിച്ച ഞെട്ടലിൽ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണെങ്കിലും ഇത് തകർച്ചയുടെ തുടക്കമാണോ അതോ ഒടുക്കമാണോയെന്ന ആശങ്കയിലാണ് വലിയൊരു വിഭാഗം. ഒരു വ്യാഴവട്ടത്തിനിടയിൽ കേന്ദ്ര ബജറ്റ് പ്രഖ്യാപന വേളയിലെ ഇന്ത്യൻ നിക്ഷേപകർ ദർശിച്ച ഏറ്റവും കനത്ത തകർച്ചയായിരുന്നു ശനിയാഴ്ച്ചത്തെ. പോയവാരം സെൻസെക്‌സ് 1877 പോയിൻറ്റും നിഫ്റ്റി 586 പോയിൻറ്റും ഇടിഞ്ഞു. ബജറ്റിൽ ഓഹരി വിപണിക്ക് അനുകൂലമായ നിർദ്ദേശങ്ങൾ പുറത്ത് വരാഞ്ഞത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കാം. വിപണിയുടെ സാങ്കേതിക വശങ്ങൾ ദുർബലമായത് ആശങ്ക ഇരട്ടിപ്പിക്കാനും ഇടയുണ്ട്. വിദേശ നിക്ഷേപമുണ്ടെങ്കിലും സ്ഥിതിഗതികൾ അനുകൂലമല്ലെങ്കിൽ അവരും ചുവട് മാറ്റി ചവിട്ടാം. 


നിഫ്റ്റി 12,197 ൽ നിന്ന് ഓപ്പണിങ് വേളയിൽ തന്നെ 12,216 വരെ ഉയർന്നെങ്കിലും പിന്നീട് ഒരിക്കൽ പോലും ആ നിലവാരത്തിലേയ്ക്ക് എത്തിനോക്കാൻ തുടർന്നുള്ള ദിവസങ്ങളിൽ നിഫ്റ്റിക്കായില്ല. കൊറോണ വൈറസ് ഭീതിയും ഇതിനിടയിൽ ആഗോള ഓഹരി വിപണികളെ പിടികൂടിയത്  പ്രമുഖ ഇൻഡക്‌സുകളുടെ കരുത്ത് ചോർത്തി. തളർച്ചയിൽ നീങ്ങിയ ഇന്ത്യൻ മാർക്കറ്റ് തകർച്ചയിലേയ്ക്ക് വഴുതിയത് ബജറ്റ് ദിനമായ  ശനിയാഴ്ച്ചയാണ്. അന്നത്തെ പ്രത്യേക വ്യാപാരത്തിൽ വിപണി ആടി ഉലഞ്ഞത് മാത്രം മനാദണ്ഡമാക്കി ബജറ്റിനെ വിലയിരുത്തരുതെന്ന ധനമന്ത്രിയുടെ വാക്കുകൾ സൂചിക തിരിച്ചു കയറുമെന്ന പ്രതീക്ഷയ്ക്ക് വക നൽക്കുന്നു. 


ശനിയാഴ്ച്ച സൂചികകൾ രണ്ട് ശതമാനം ഇടിഞ്ഞതിനിടയിൽ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് 3.5 ട്രില്യൺ രൂപ നഷ്ടമായി. ബിഎസ്ഇയിലെ ലിസ്റ്റുചെയ്ത എല്ലാ സ്‌റ്റോക്കുകളുടെയും മൊത്തം വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ സമ്പത്ത് 3.5 ട്രില്യൺ രൂപ കുറഞ്ഞ് 153 ട്രില്യൺ രൂപയായി.
വ്യാപാരം അവസാനിക്കുമ്പോൾ 11,662 പോയിൻറ്റിൽ നിലകൊള്ളുന്ന നിഫ്റ്റിയുടെ അടുത്ത താങ്ങ് 11,458 പോയിൻറ്റിലാണ്. സാങ്കേതിക വശങ്ങൾ നൽക്കുന്ന സൂചനകൾ കണക്കിലെടുത്താൽ 11,254 ലേയ്ക്ക് വരും ആഴ്ച്ചകളിൽ പരീക്ഷണങ്ങൾ നടത്താനും സാധ്യതയുണ്ട്. എന്നാൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു വരവിൽ നിഫ്റ്റി 12,041 ലേയ്ക്ക് കയറാം. 
ബോംബെ സെൻസെക്‌സ് ഓപ്പണിങ് വേളയിലെ 41,516 ൽ നിന്ന് മികവിന് അവസരം കണ്ടെത്താനാവാതെ 40,000 ലെ നിർണായക താങ്ങ് തകർത്ത് ഒരു വേള 39,631 പോയിൻറ്റിലേയ്ക്ക് ഇടിഞ്ഞു. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 39,735 ലാണ്. ഈ വാരം വീണ്ടും ഒരു വിൽപ്പന സമ്മർദ്ദം ഉടലടുത്താൽ സൂചികയ്ക്ക് 39,072 ൽ സപ്പോർട്ടുണ്ട്. അതേ സമയം മുന്നേറിയാൽ 40,957 തടസം നേരിടാം. സാങ്കേതികമായി വീക്ഷിച്ചാൽ സൂപ്പർ ട്രെൻറ്, പാരാബോളിക്ക് എസ് എ ആർ എന്നിവ സെല്ലർമാർക്ക് അനുകൂലമാണ്.  


വിനിമയ വിപണിയിൽ 71.25 ൽ നിന്ന് രൂപയുടെ മൂല്യം 71.62 വരെ ഇടിഞ്ഞ ശേഷം 71.52 ലാണ്. രൂപ 71.90-72.17 നെയാണ് ഉറ്റ്‌നോക്കുന്നത്. 71.20 ൽ ആദ്യ താങ്ങ് നിലവിലുണ്ട്. വിദേശ ഓപ്പറേറ്റർമാരുടെ നീക്കങ്ങൾ ഈ അവസരത്തിൽ നിർണായകമാവും, ഒപ്പം ക്രൂഡ് ഓയിൽ വിപണിയിലെ ചലനങ്ങളും. 
രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില താഴ്ന്നു. ബാരലിന് 54.47 ഡോളറിൽ നിന്ന് 50.97 വരെ ഇടിഞ്ഞ ശേഷം 51.55 ഡോളറിലാണ്. വീക്കിലി ചാർട്ട് വിലയിരുത്തിയാൽ ക്രൂഡ് 45.15 ഡോളർ വരെ താഴാം. എന്നാൽ ചൈനയിൽ നിന്ന് ആഗോള വിപണികൾക്ക് അനുകൂലമായ വാർത്തകളുണ്ടായാൽ സാമ്പത്തിക രംഗത്ത് ഉണർവ് പ്രതീക്ഷിക്കാം. ഇത് എണ്ണ മാർക്കറ്റ് വീണ്ടും ചൂടുപിടിക്കാൻ അവസരം ഒരുക്കും. 


ചൈനയിൽ ഇതിനകം രോഗബാധിരുടെ എണ്ണം 14,000 കടന്നു, ഏഷ്യൻ രാജ്യങ്ങൾ മുൻ കരുതൽ നടപടികൾ സ്വീകരിച്ചെങ്കിലും മാർച്ച് വരെ കൊറോണ വൈറസ് ഭീതി നിലനിൽക്കാം. യൂറോപിലെയും അമേരിക്കയിലെയും ഓഹരി ഇൻഡക്‌സുകൾ ഇക്കാരണത്താൽ സമ്മർദ്ദത്തിലാണ്. ഇതിനകം പതിനെട്ട് രാജ്യങ്ങളിലേയ്ക്ക് വൈറസ് പകർന്നു. വാരാന്ത്യ ദിനം ഡൗ ജോൺസ് സൂചിക 600 പോയിന്റ് ഇടിഞ്ഞു, ഓഗസ്റ്റിന് ശേഷം യു എസ് മാർക്കറ്റിൽ ഒറ്റ ദിവസം ഇത്ര ശക്തമായ തകർച്ച ആദ്യമാണ്. രാജ്യാന്തര മാർക്കറ്റിൽ സ്വർണം ഒരിക്കൽ കൂടി നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചു പറ്റി. ട്രോയ് ഔൺസിന് 1570 ഡോളറിൽ നിന്ന് 1589 ഡോളർ വരെ ഉയർന്നു. ഇനി വിപണിക്ക് മുന്നിലുള്ള ആദ്യ തടസം ഈ വർഷം തുടക്കത്തിൽ രേഖപ്പെടുത്തിയ 1595 ഡോളറാണ്. ഇത് മറികടന്നാൽ 1619 ഡോളറിലേയ്ക്ക് നീങ്ങാം.  


 

Latest News