Sorry, you need to enable JavaScript to visit this website.

കേന്ദ്ര ബജറ്റ് പ്രവാസികൾക്ക് സമ്മാനിച്ചത് നിരാശയും ആശങ്കയും 

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ഗുണകരമായ ഒരു പ്രഖ്യാപനവും ഇല്ലെന്നു മാത്രമല്ല, ആശങ്കയും നിരാശയുമാണ് സമ്മാനിച്ചിരിക്കുന്നത്. പ്രവാസി നിർവചനം മാറ്റിയെഴുതിയതും പ്രവാസികൾക്കും നികുതി ഏർപ്പെടുത്താനുള്ള നിർദേശവുമാണ് പ്രവാസികളിൽ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. ആശങ്ക ചർച്ചകൾക്കും പ്രതിഷേധനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.


പ്രവാസികളെ രണ്ട് തരത്തിൽ നികുതിയുടെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള നിർദേശമാണ് ബജറ്റിലുള്ളത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ പൂർണമായും ലഭ്യമല്ലാത്തതും അവ്യക്തതകൾ നിലനിൽക്കുന്നതിനാലുമാണ് ആശങ്ക സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ നികുതിയുടെ പരിധിയിൽ വരാതിരുന്ന പ്രവാസികൾ ഇനി മുതൽ നികുതി നൽകേണ്ടിവരുമെന്ന സൂചന എന്തായാലും ബജറ്റിൽ വന്നു കഴിഞ്ഞു. ഈ ഗണത്തിൽ ആരൊക്കെ ഏതൊക്കെ രാജ്യത്തു പ്രവാസികളായി കഴിയുന്നവർ ഉൾപ്പെടുമെന്നതിലെ  വിശദാംശങ്ങളാണ് ലഭിക്കേണ്ടത്.  


120 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്നവർ നികുതി നൽകണമെന്ന് നിർദേശം ബജറ്റിൽ വ്യക്തമാണ്. ഇതു പ്രവാസലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.  വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എല്ലാ സമ്പാദ്യത്തിനും ഇന്ത്യയിൽ നികുതി നൽകേണ്ടി വരുമെന്ന വിശദീകരണവും പുറത്തു വന്നിട്ടുണ്ട്. 
നേരത്തെ 182 ദിവസം ഇന്ത്യയ്ക്കു പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. അതാണിപ്പോൾ 240 ദിവസമാക്കിയത്. നികുതി ഇല്ലാത്ത രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് നികുതി ബാധകമാകുക എന്നു പറയുമ്പോൾ അത് ഏറ്റവും പ്രതികൂലമായി ബാധിക്കുക ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്നവരെയായിരിക്കും. ഇതു സംബന്ധിച്ച് വിശദീകരണം ഇനിയും ലഭ്യമല്ലാത്തതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുന്നതുവരെ സംശയങ്ങളും ആശങ്കയും തുടരും. 


അതേസമയം, ഇന്ത്യയിലും വ്യവസായം നടത്തുന്ന പ്രവാസികൾക്കു മാത്രമേ പുതിയ നയം ബുദ്ധിമുട്ട് സൃഷ്ടിക്കൂ എന്നു പറയുന്നു. അവർക്ക് 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങാൻ കഴിയില്ല. 
അപ്പോൾ ഇന്ത്യയിലെ  സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനാവാതെ വരും. ഒരു രാജ്യത്തും താമസ വിസ ഇല്ലാത്തവർക്കേ ആഗോളതലത്തിലുള്ള വരുമാനത്തിനു നികുതി നൽകേണ്ടി വരൂ എന്നും  വിശദീകരണമുണ്ട്.


എന്തായാലും നികുതിയുടെ പരിധിയിലേക്ക് പ്രവാസികളും കടന്നുവരുന്നുവെന്ന കാര്യത്തിൽ സംശയമില്ല. ഇതുവരെ പ്രവാസികൾക്ക് ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നില്ല. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് രാജ്യത്തിനുവേണ്ടി വിദേശ നാണ്യം നേടിത്തരുന്നവരുടെ വരുമാനത്തിനും നികുതി ഈടാക്കാനുള്ള നിർദേശം എന്തു തന്നെയായാലും രൂക്ഷമായ വിമർശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. വ്യവസായ രംഗത്തെ പ്രമുഖർ ഇതു രാജ്യത്തിന് ഗുണകരമാവില്ലെന്ന് അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്ന പ്രവാസികൾക്ക് ആകെയുണ്ടായിരുന്ന ആശ്വാസം വരുമാനത്തിന് നികുതി ഉണ്ടായിരുന്നില്ലെന്നതാണ്. അതു കൂടി നടപ്പാക്കുന്നതോടെ പ്രവാസം ജീവിതം കൂടുതൽ ദുഷ്‌കരമാവുമെന്നും ഇക്കാര്യത്തിൽ പുനർവിചിന്തനം വേണമെന്നും വിവിധ സംഘടകൾ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. എന്തായാലും വരും ദിവസങ്ങൾ ഇതു സംബന്ധിച്ച ചൂടേറിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കുമെന്നതിൽ സംശയമില്ല. 

Latest News