മുഹമ്മദലി ജിന്ന പൊട്ടിച്ചിരിച്ചു.
തൊട്ടുമുമ്പ് ജിന്നയുടെ കാതിൽ എന്തോ മന്ത്രിച്ച സഹായി അന്ധാളിച്ചുനിന്നു.
താൻ പറഞ്ഞതിൽ ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു? അല്ലെങ്കിൽ, കമ്യൂണിസ്റ്റുകാർ ആരോ പറഞ്ഞുകേട്ട് താൻ ജിന്നയെ ചിരിപ്പിച്ച കാര്യം വെറും പൊള്ളത്തരം ആയിരുന്നോ?
സാക്ഷാൽ പി. സി. ജോഷി പറഞ്ഞതായി പ്രചരിച്ചതായിരുന്നു കാര്യം.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ജോഷി. പന്ത്രണ്ടു കൊല്ലം ആ പദവിയിൽ തുടർന്ന ചിന്തകൻ. വിപ്ലവകാരി. തല മൂത്ത ആ സഖാവ് പറയുന്നതെന്തും ഊതിക്കാച്ചിയെടുത്ത സത്യം സത്യമായിത്തന്നെ കാലാകാലമായി അനുയായികൾ സ്വീകരിച്ചുപോന്നു, ദയനീയമായി അദ്ദേഹം പുറത്താക്കപ്പെടും വരെ.
ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതെന്നാണെന്ന് ഒരഭിപ്രായമല്ല. മുപ്പതുകളിൽ പാർട്ടി രൂപീകരിക്കാൻ മുൻ കൈയെടുത്ത ഒരാൾ ആഴ്ചകൾ കഴിയും മുമ്പേ പുറത്തായി പോയിരുന്നു. അന്ന് തുടങ്ങിയതാണ് ആശയവൈരുധ്യത്തിന്റെ ചരിത്രം എന്നൊരു തർക്കം കോർക്കാം. അതവിടെ നിൽക്കട്ടെ.
പി. സി. ജോഷി പറഞ്ഞുകേട്ട് ജിന്ന ചിരിക്കാൻ ഇടയാക്കിയ കാര്യം പിന്തുടരാം. പാർട്ടി അടക്കി വാഴുക തന്നെയായിരുന്നു അക്കാലത്ത് ജോഷി. ബുദ്ധിജീവികളെ തന്നോടടുപ്പിക്കാൻ അദ്ദേഹത്തിന് വിശേഷിച്ചൊരു കഴിവുണ്ടായിരുന്നു. കോൺഗ്രസിനോടുള്ള അദ്ദേഹത്തിന്റെ ആശയസാമീപ്യവും ഗാന്ധിയോടുള്ള ആദരവും കമ്യൂണിസ്റ്റ് മുദ്ര പതിച്ചവർക്കെല്ലാം പഥ്യമായിരുന്നില്ല. അതിന്റെ ഫലം അദ്ദേഹം അപമാനിതനായി അറിയുകയും ചെയ്തു.
അതിനെല്ലാം മുമ്പ് ഇന്ത്യൻ മണ്ണിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടമുണ്ടാക്കാനും ദേശീയതയെപ്പറ്റിയും രാഷ്ട്രത്തെപ്പറ്റിയുമുള്ള സോവിയറ്റ് മീമാംസ ഇന്ത്യൻ സാഹചര്യത്തിൽ കരുപ്പിടിപ്പിക്കാനും ജോഷി തുടർന്ന മന്ത്രങ്ങളും തന്ത്രങ്ങളും രസാവഹമായിരുന്നു. അതിലൊന്നായിരുന്നു ജിന്നയെ പൊട്ടിച്ചിരിപ്പിച്ച സന്ദർഭം. കമ്യൂണിസ്റ്റ് സങ്കൽപത്തിലുള്ള അന്തർദ്ദേശീയത പൂർണമായും അംഗീകരിച്ച ആളായിരുന്നില്ല ജോഷി. വർഗസഹകരണത്തിലും ദേശീയതയിലും അദ്ദേഹത്തിനുണ്ടായിരുന്ന താൽപര്യം 'ദേശീയ മുന്നണി' എന്ന പത്രികയിൽ ഇതൾ വിടർത്തി. ദേശീയതയും ഉപദേശീയതയുമൊക്കെ സ്റ്റാലിനിൽ നിന്ന് കടം കൊണ്ട് ഇന്ത്യയിലും പ്രകടിപ്പിക്കുകയുണ്ടായി പാർട്ടി ക്ലാസുകളിലും പൊതുയോഗങ്ങളിലും മറ്റും മുതിർന്ന സഖാക്കൾ.
ഇന്ത്യ ഒരു രാഷ്ട്രമല്ല, പതിനാറു രാഷ്ട്രങ്ങളുടെ ഒരു സംഘാതമാണ് എന്ന തിയറി പ്രഖ്യാതമാണല്ലോ. മലയാളി, ബംഗാളി, മറാഠ, മുസ്‌ലിം എന്നിങ്ങനെ പോകുന്നു ആ പട്ടിക. ഈ പതിനാറു ദേശീയതകൾക്കും അവയുടേതായ സ്വത്വം ഉണ്ടെന്നു മാത്രമല്ല, തോന്നുമ്പോൾ വിഘടിച്ചുപോകാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു ആ സ്റ്റാലിനിസ്റ്റ് കാഴ്ചപ്പാടിൽ. അതനുസരിച്ച് എപ്പോൾ വേണമെങ്കിലും അഴിച്ചുവിടാവുന്ന ഒരു കെട്ട് മാത്രമായി ഇന്ത്യ എന്ന രാഷ്ട്രം. വിഘടിക്കാൻ വെപ്രാളപ്പെട്ടു കഴിയുന്ന പീക്കിരിദേശീയതയുടെ പ്രയോക്താക്കൾക്ക് ഇതിൽപരം പഥ്യമായ ഒരു മുദ്രാവാക്യം കിട്ടാനില്ല.
വിട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്ന തിയറി മുസ്‌ലിം ദേശീയതക്കും കൽപിച്ചു കൊടുത്തു. വേറിട്ട നിലനിൽപ് സാധ്യമാണെന്നു വിശ്വസിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കാൻ ഒരു പാർട്ടിയുണ്ടാവുകയും ചെയ്തപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികർക്ക് ഹരമായി. കമ്യൂണിസ്റ്റ് പാർട്ടി അങ്ങനെ ഒരു നിലപാട് എടുത്തതോടെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും കമ്യൂണിസ്റ്റ് ചായ്‌വുള്ളവരായി പോലും. ഇരു രാഷ്ട്ര വാദം മുസ്‌ലിം ലീഗിനു മുമ്പ് കമ്യൂണിസ്റ്റ് പാർട്ടി ഉന്നയിക്കുകയാൽ, ലീഗിനെക്കാൾ മുസ്‌ലിം പിന്തുണ തന്റെ കക്ഷിക്കുണ്ടാകുമെന്നായിരുന്നു ജോഷിയുടെ കിനാവ്. അതിനെപ്പറ്റി കേട്ടപ്പോൾ മൗനത്തിൽ ആഴുകയോ മറുത്തു പറയുകയോ ചെയ്യാതെ ജിന്ന പൊട്ടിച്ചിരിച്ചുവെന്നു പറയുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രമെന്ന പുസ്തകത്തിൽ ഓവർസ്റ്റ്രീറ്റ്, വിൻഡ്മില്ലർ എന്നീ ലേഖകന്മാർ.
വർഗരഹിതവും ഭൗതികാധിഷ്ഠിതവുമായ ഒരു കൂട്ടായ്മ ഒരുക്കിപ്പെരുക്കി മുന്നോട്ടു പോകാനുള്ള ശ്രമത്തിൽ മുസ്‌ലിം സമുദായത്തെ പങ്കാളിയാക്കണമെന്ന തന്ത്രത്തിന് അന്നോളം പഴക്കം കാണും. അന്നന്ന്, അതാത് സന്ദർഭങ്ങളിൽ ആ തന്ത്രം പ്രയോഗിച്ചുനോക്കുകയുമുണ്ടായി. ചിലപ്പോൾ അത് ഫലിച്ചു; ചിലപ്പോൾ ജാള്യമായി ഫലം. പക്ഷേ മുസ്‌ലിം സമുദായത്തിന്റെ പരിഷ്‌കരണത്തിനും ഉദ്ധാരണത്തിനും അത് ഉപകരിച്ചോ എന്ന് സംശയം.
ഒന്നു രണ്ട് ഉദാഹരണം പറയാം. കമ്യൂണിസ്റ്റ് പാർട്ടി 1964 ൽ പിളർന്നതിനുശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ, ഇടതു വിഭാഗം ലീഗുമായി ഒരു രഹസ്യധാരണയിലെത്തി. ഇടത് വമ്പിച്ച വിജയം നേടി. ജയത്തെപ്പോലെ ജയിക്കുന്നതായി ജയമല്ലാതൊന്നുമില്ലെന്ന വചനം വിപ്ലവഘട്ടത്തിലും സാധുവാകും. അതറിഞ്ഞവരെല്ലാം ലീഗ് വഴിയോ അല്ലാതെയോ മുസ്‌ലിം സഹകരണം ഉറപ്പിക്കാനായി ശ്രമം. കേരളത്തിൽ കോൺഗ്രസ് 1960 ൽ നേടിയ ആ സഹകരണവും വിജയവും അഞ്ചുകൊല്ലത്തിനുശേഷം പ്രകടമാകാതെയും ഏഴുകൊല്ലത്തിനുശേഷം ഉച്ഛൃംഖലമായും നമ്പൂതിരിപ്പാട് കൈക്കലാക്കി.
ലീഗിനും കമ്യൂണിസ്റ്റ് പാർട്ടിക്കും പ്രസക്തിയുള്ള പ്രദേശം കേരളവും ബംഗാളുമായതുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ ഈ വഴിക്കുള്ള ചർച്ചയിൽ കൂട്ടുന്നില്ല. പിന്നെ, എഴുപതോടടുത്തപ്പോൾ, ലീഗിനെ കൂട്ടിനു കിട്ടില്ലെന്നായി. അപ്പോൾ കിട്ടാവുന്ന ഒരു കഷ്ണത്തെ വേർപെടുത്തിയെടുത്തു. അടിയന്തരാവസ്ഥയിലൂടെ ആ ചങ്ങാത്തം ഊട്ടിയുറപ്പിച്ചു. പക്ഷേ കമ്യൂണിസ്റ്റ് സുവിശേഷം ഉൾക്കൊള്ളുന്ന ലീഗിന്റെ മുസ്‌ലിം സ്വത്വം ഏറെ ദുർബലമാവുകയും മാർക്‌സിസ്റ്റ് ഭാവം എഴുന്നുനിൽക്കുകയും എന്നു വ്യക്തമായി. കേശവദേവ് എഴുതിയ 'ചക്കരമത്തൻ' നല്ലൊരു രാഷ്ട്രീയബിംബകമായി. പുറമേ ലീഗിന്റെ പച്ചയുള്ള പാർട്ടി അകമേ ചുവന്ന കക്ഷിയായിത്തന്നെ വർത്തിക്കുമെന്നർഥം. എന്നാലും രാഷ്ട്രീയമോ അരാഷ്ട്രീയമോ ആയ കാരണത്താൽ, പീക്കിരി ലീഗ് സഖാക്കളുടെ സാമീപ്യത്തിൽ അഭിരമിച്ചുപോയി, ഏഴെട്ടുകൊല്ലം.
ആ കൂട്ടുകെട്ട് അനിവാര്യമായും എൺപതുകളുടെ ഇടയിൽ പൊട്ടിപ്പോയത് ലീഗിന്റെ വികൃതികൊണ്ടോ കേരളത്തിലെ ഏതാനും സഖാക്കളുടെ ശാഠ്യം കൊണ്ടോ ആയിരുന്നില്ല. ഇർഫാൻ ഹബീബ് ആണെന്നു തോന്നുന്നു, ശരീഅത്തിന്റെ പേരിൽ മുറവിളി കൂട്ടുന്ന സ്വഭാവം പുലർത്തുന്ന ലീഗ, വിപ്ലവകക്ഷിയുടെ ചങ്ങാതിയാകുന്നതെങ്ങനെ എന്ന ചോദ്യമുന്നയിച്ചു, മലപ്പുറത്തെ ചില യോഗങ്ങളിൽ.
അന്നു തുടങ്ങിയ ആ നീക്കം അധികം താമസിയാതെ ലീഗിന്റെ ഏകീകരണത്തിലേക്കും മാർക്‌സിസ്റ്റ് സഖ്യത്തിന് അതിൽനിന്നുള്ള അകൽച്ചക്കും കാരണമായി.
കേരള കോൺഗ്രസിന്റെ െ്രെകസ്തവ രാഷ്ട്രീയത്തിൽനിന്നും ലീഗിന്റെ മുസ്‌ലിം രാഷ്ട്രീയ ശാഠ്യത്തിൽനിന്നും മുക്തമായ ഭരണം തെല്ലിട നിർവഹിക്കാൻ കഴിഞ്ഞെങ്കിലും, മുസ്‌ലിം ചങ്ങാത്തത്തിനുവേണ്ടിയുള്ള ത്വര തന്നെയായിരുന്നു കമ്യൂണിസ്റ്റ് പ്രതികരണങ്ങളിലെ ഉത്തമസാധാരണഘടകം അന്നും എന്നും.
സൂരി നമ്പൂതിരിപ്പാടിന്റെ ആ പഴയ മനോഭാവമുണ്ടല്ലോ, തമ്പുരാട്ടിയില്ലെങ്കിൽ തുണക്കാരിയായാലും മതിയെന്ന നില, അത് മാർക്‌സിസ്റ്റ് സമീപനത്തിൽ അവിടവിടെ കാണാം.
ലീഗ് പോയി, പോകട്ടെ, ലീഗിന്റെ വായിലൊതുങ്ങാത്ത വചനവിഭ്രമങ്ങളുമായി, മുൻ നിരയിലെ കൗമാരക്കാരുടെ കയ്യടിക്കായി, അബ്ദുന്നാസർ മഅ്ദനി വന്നു. മഅ്ദനിയെ മാർക്‌സിസ്റ്റ് വിഭാഗം വാരിപ്പുണർന്നു. ഒരിടക്ക് വന്ദ്യവയോധികനായ ഒരാൾ, വെറും വാചാടോപമല്ലേ എന്നു തോന്നിക്കും വിധം, മഅ്ദനിയെ മഹാത്മജിയുമായി ഇട തട്ടിച്ചുനോക്കി. പിന്നെ എന്തോ കാരണത്താൽ, മഅ്ദനി ദൃശ്യവേദിയിൽനിന്ന് അകന്നുപോയപ്പോൾ അദ്ദേഹത്തിന്റെ സൗഹൃദത്തിനുവേണ്ടിയുള്ള മത്സരം മാർക്‌സിസ്റ്റ് പാർട്ടിയും ഉപേക്ഷിക്കുകയായിരുന്നു.
പിന്നെ ഓരോരോ സമരകാരണം വന്നു. മാട്ടിറച്ചി കഴിച്ചായിരുന്നു ഒരു സമരം. ഭക്ഷണം കഴിക്കുന്നതും ഉപേക്ഷിക്കുന്നതും ഒരുപോലെ സമരകാരണമാകാവുന്നതാണ് നമ്മുടെ നാട്. ഇപ്പോൾ ഇതാ പൗരത്വം സംബന്ധിച്ച് പാർലമെന്റിന്റെ ഇരു സഭകളും അംഗീകരിച്ച ഒരു നിയമഭേദഗതി സമരകാരണമായിരിക്കുന്നു.
ഇന്നത്തെ ഇന്ത്യയിൽ ജീവിക്കുന്ന ആരെയും വെട്ടിലാക്കുന്നതല്ല ഈ നിയമമെന്നു പറഞ്ഞിട്ട് ആർക്കും ബോധ്യമാവുന്നില്ല. നിയമം പാസായതിന്റെ പിറ്റേന്നോ മറ്റോ പൊട്ടിപ്പുറപ്പെട്ട സമരവും തീരാറായെന്നു തോന്നുന്നു. അത്രയും കാലം അതു നീണ്ടുപോകാവുന്ന വിധത്തിൽ വിശദീകരണത്തിൽനിന്നും ന്യായീകരണത്തിൽനിന്നും വിട്ടുനിന്ന സർക്കാരിന്റെ നടപടി മാത്രം തമാശ ഉളവാക്കി. അതിലും കൂടുതൽ ചിരിക്കാൻ വക ഉണ്ടാകുമായിരുന്നു, മാർക്‌സിസ്റ്റ് പാർട്ടിയുടെ ആയുധമെടുത്തുപയോഗിച്ച് കോൺഗ്രസുകാർ സ്വയം മുറിപ്പെടുത്തിയിരുന്നില്ലെങ്കിൽ.