തിരുവനന്തപുരം-പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എസ്.ഡി.പി.ഐ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുന്നു എന്ന് മുഖ്യമന്ത്രി ആരോപിച്ചു. മഹല്ല് കമ്മിറ്റികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന്റെ പേരിൽ പൊലീസ് നിരവധിപേർക്കെതിരെ കേസെടുക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 'മഹല്ല് കമ്മിറ്റികൾ ധാരാളം പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. ആ പ്രക്ഷോഭങ്ങളെല്ലാം സമാധാന പരമായി നടത്താൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ അവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. എസ്.ഡി.പി.ഐ എന്നൊരു വിഭാഗം ഇവിടെയുണ്ട്. തീവ്രവാദ പരമായി ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. ആ വിഭാഗത്തിൽപ്പെട്ടവർ ചിലയിടത്ത് നുഴഞ്ഞ് കയറി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. അത്തരം കാര്യങ്ങൾക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നും നടപടി എടുത്തിട്ടുണ്ടാവും. കാരണം അവർ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അതിൽ നടപടിയുണ്ടാകും,' മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ മറുപടിക്കെതിരെ പ്രതിപക്ഷം ബഹളം വെച്ചപ്പോൾ എസ്.ഡി.പി.ഐയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം നിങ്ങൾക്കെന്താണെന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. എന്നാൽ എസ്.ഡി.പി.ഐ പിന്തുണ പ്രതിപക്ഷത്തിന് വേണ്ടെന്നും അവരുമായി സഖ്യമുണ്ടാക്കിയത് ആരാണെന്ന് പൊതു ജനത്തിന് അറിയാമെന്നും രമേശ് ചെന്നിത്തല തിരിച്ചടിച്ചു.