Sorry, you need to enable JavaScript to visit this website.

അട്ടപ്പാടിയിൽ സർക്കാർ ആദിവാസികൾക്ക് വിതരണം ചെയ്തത് തമിഴ്‌നാട് സർക്കാരിന്റെ ഭൂമി

പാലക്കാട്- അട്ടപ്പാടിയിൽ 21 വർഷം മുമ്പ് ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമി കേരളത്തിന്റെ നിയന്ത്രണത്തിലുള്ളതല്ലെന്ന് കണ്ടെത്തി. ഇതോടെ റവന്യൂ വകുപ്പ് ഇരുട്ടിൽ തപ്പുന്നു. 1999 ൽ ആദിവാസി ഭൂമി നിയമപ്രകാരം 361 കുടുംബങ്ങൾക്ക് വിതരണം ചെയ്ത ഭൂമി തമിഴ്‌നാടിന്റെ പരിധിയിലാണെന്ന കണ്ടെത്തലാണ് അധികൃതരെ വെട്ടിലാക്കിയിരിക്കുന്നത്. ലഭിച്ച പട്ടയമനുസരിച്ച് സ്ഥലം അളന്നു നൽകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് വിവിധ ആദിവാസി സംഘടനകൾ. ഇതുമായി ബന്ധപ്പെട്ട് അഗളിയിൽ അടുത്ത മാസം കൂടിയാലോചനായോഗം വിളിച്ചിട്ടുണ്ട്. നേരത്തേ നൽകിയ പട്ടയമനുസരിച്ച് സ്ഥലവിതരണം സാധ്യമല്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. പകരം ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും ലഭിക്കുന്ന മുറയ്ക്ക് അത് നൽകുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. 


1999 ൽ അന്നത്തെ നായനാർ സർക്കാരിന്റെ കാലത്തായിരുന്നു വിവാദങ്ങളുടെ കേന്ദ്രമായി പിന്നീട് മാറിയ ഭൂമി വിതരണം. 1960 ജനുവരി ഒന്നിനും 1986 ജനുവരി 20 നും ഇടക്ക് അന്യാധീനപ്പെട്ട ആദിവാസി ഭൂമിക്ക് പകരം ഭൂമി നൽകാൻ സർക്കാർ നിയമനിർമാണത്തിലൂടെ തീരുമാനിച്ചിരുന്നു. 
ആദിവാസികളല്ലാത്തവരിൽ അഞ്ചേക്കറിൽ കൂടുതൽ സ്ഥലമുള്ളവരിൽ നിന്ന് അത് ഏറ്റെടുത്ത് അർഹരായവർക്ക് വിതരണം ചെയ്യാനായിരുന്നു തീരുമാനം. അതനുസരിച്ച് 475 ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി. അതിൽ 114 പേർക്ക് കോട്ടത്തറ വില്ലേജിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മിച്ചഭൂമി നൽകി. ബാക്കി 361 പേർക്കാണ് വരടിമലയിലെ സ്ഥലത്തിന്റെ പട്ടയം നൽകിയത്. 


പ്രശ്‌നം അന്ന്തന്നെ വിവാദമായി ആളിപ്പടർന്നതാണ്. ആർക്കും വേണ്ടാത്ത തരിശുഭൂമിയാണ് വരടിമലയിൽ നൽകിയത് എന്നായിരുന്നു പ്രധാന വിമർശനം. 65 ആദിവാസി കുടുംബങ്ങൾ ലഭിച്ച സ്ഥലത്ത് എത്തി. സർക്കാർ പദ്ധതിപ്രകാരം ഒന്നരക്കോടി രൂപ മുതൽമുടക്കിൽ അവിടെ തേയിലത്തോട്ടം നട്ടുപിടിപ്പിക്കുകയും ചെയ്തു. എന്നാൽ ഓരോരുത്തർക്കും ഭൂമി അളന്നു തിരിച്ചു നൽകാൻ തുടർനടപടികൾ ഇല്ലാതായതോടെ ഗുണഭോക്താക്കൾ മലയിറങ്ങി. ആ തോട്ടം നിലവിൽ കാടുപിടിച്ചു കിടക്കുകയാണ്. അതിനിടയിലാണ് സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലുള്ളതാണെന്ന അവകാശവാദവുമായി അയൽ സംസ്ഥാനം എത്തിയത്.


നൽകിയ പട്ടയപ്രകാരം ഭൂമി അളന്നു തിരിച്ച് നൽകണമെന്ന ആവശ്യവുമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന പലരും ഉണ്ട്. അവരെയാരേയും പട്ടയം റദ്ദാക്കിയ വിവരം റവന്യൂ വകുപ്പ് രേഖാമൂലം അറിയിച്ചിട്ടില്ല. വിഷയം ചർച്ച ചെയ്യുന്നതിന് നടക്കാനിരിക്കുന്ന ആദിവാസി സംഘടനാ യോഗത്തെ അധികൃതർ നിരീക്ഷിക്കുകയാണ്. ആദിവാസി പ്രശ്‌നമുയർത്തി തീവ്രവാദി സംഘടനകൾ മുതലെടുപ്പ് നടത്തുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ മറച്ചു വെക്കുന്നില്ല. മഞ്ചക്കണ്ടി ഊരിലെ വെടിവെപ്പിനു ശേഷം അട്ടപ്പാടിയിലെ പ്രവർത്തനം നിർജ്ജീവമായതിനുശേഷം പുതിയ ടീമിനെ ഒരുക്കി മാവോവാദികൾ അട്ടപ്പാടി മേഖലയിൽ സജീവമാവാൻ ശ്രമിക്കുകയാണെന്ന ഇന്റലിജൻസ് റിപ്പോർട്ടും ബന്ധപ്പെട്ടവർ ഗൗരവത്തോടെയാണ് കാണുന്നത്. 

 

Latest News