ന്യൂദല്‍ഹി- പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുണ്ട പ്രയോഗിക്കുന്നതിനെ പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തുവന്നു. നേരത്തെ കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂറും ബി.ജെ.പി നേതാവ് പര്‍വേസ് വര്‍മയും സമരക്കാര്‍ക്ക് നേരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യോഗിയും രംഗത്തുവന്നത്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് യോഗിയുടെ പ്രസംഗം.
പറയുന്നത് കേള്‍ക്കാത്തവര്‍ക്ക് നേരെ വെടിയുണ്ട പ്രയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് യോഗിയുടെ പ്രസംഗം. ശ്രാവണ മാസത്തില്‍ ഗംഗാതീരത്തെത്തുന്ന ശിവഭക്തരെ തടയുന്നതിനെതിരെയെന്ന മട്ടിലാണ് യോഗിയുടെ പ്രസംഗമെങ്കിലും ഷഹീന്‍ ബാഗിലെ സമരക്കാര്‍ക്ക് നേരെ അക്രമികള്‍ രണ്ടുതവണ നിറയൊഴിച്ച പശ്ചാത്തലത്തില്‍ യോഗിയുടെ ഉന്നം വ്യക്തമാണ്.
അതിനിടെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതില്‍നിന്ന് പൂര്‍ണമായും തടയണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ യോഗി നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
വിദ്വേഷ പ്രസംഗം നടത്തിയ യോഗിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടിക്കാഴ്ച അനുവദിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.






