Sorry, you need to enable JavaScript to visit this website.

പൗരത്വപ്രശ്‌നം: മധ്യസ്ഥ ചർച്ചക്ക് സന്നദ്ധമെന്ന് പത്മഭൂഷൺ ശ്രീ എം

കോട്ടയം -  പൗരത്വനിയമ ഭേദഗതി പ്രശ്നത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് പത്മഭൂഷൺ ശ്രീ.എം. രാജ്യം അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിൽ ചർച്ച നടത്താനുളള സന്നദ്ധത കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. മറുപടി ലഭിച്ചില്ല. സംവാദമാണ് ഏതു പ്രശ്നവും പരിഹരിക്കാനുളള പോംവഴി. അതിന് മധ്യസ്ഥനാവാൻ തയാറാണ്. കോട്ടയം പ്രസ്‌ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഇത്തരത്തിലുളള ഇടപെടൽ നടത്താൻ ഭീതിയില്ല. തന്റെ യാത്രാപരിപാടിക്ക് കശ്മീരിൽ കടക്കാൻ അനുമതി നിഷേധിച്ചിരുന്നു. പിന്നീട് സമീപിച്ചപ്പോൾ  മഞ്ഞുകാലമാണെന്ന് പറഞ്ഞു വീണ്ടും അനുമതി നിഷേധിച്ചു. പ്രശ്നബാധിത സ്ഥലങ്ങളിൽ പോകുന്നതിന് തനിക്ക് ഭീതിയില്ല.
അതിനിടെ പൗരത്വ ഭേദഗതി ബിൽ ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരമാണെന്ന് കേന്ദ്ര  സഹമന്ത്രി ബാബുൽ സുപ്രിയോ കോട്ടയത്തു പറഞ്ഞു. ഭാരതത്തെ വിഭജിച്ചവർ ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തുക മാത്രമാണ് മോഡിയും അമിത്ഷായും ചെയ്തത്. ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും പൗരത്വം കളയാനല്ല ഈ ബിൽ. പൗരത്വം നൽകാനാണ്. മതപീഡനം മൂലം നാടുവിട്ടവർക്കാണ് പൗരത്വം നൽകുന്നത്. ഉഗാണ്ടയിൽ ഇദി അമീന്റെ ഭരണകാലത്ത് പീഡനം മൂലം ഇന്ത്യയിൽ അഭയം തേടിയവർക്ക് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് പൗരത്വം നൽകി. അനധികൃത കടന്നുകയറ്റവും അഭയാർത്ഥി പ്രശ്നവും രണ്ടാണ്. ലോക്സഭയും രാജ്യസഭയും പാസാക്കി, രാഷ്ട്രപതി ഒപ്പിട്ട നിയമം അനുസരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. പ്രതിപക്ഷം മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. 
ബി.ജെ.പിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന കാര്യങ്ങൾക്ക് ജനങ്ങൾ നൽകിയ പിന്തുണയുടെ ഫലമാണ് ഇന്ത്യൻ പ്രധാനമന്തിപദം ബി.ജെ.പിക്ക് നൽകിയത്. മുൻപ് കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും ഈ വിഷയത്തെ സംബന്ധിച്ച് പാർലമെന്റിൽ വിഷയങ്ങൾ ഉന്നയിച്ചതാണെന്ന കാര്യം കൂടി പ്രതിഷേധിക്കുന്നവർ മനസ്സിലാക്കേണ്ടതാണ്. ഇത് ആരേയും പുറത്താക്കാനല്ല, മറിച്ച് അവകാശപ്പെട്ടവർക്ക് തിരിച്ചു വരുവാനുള്ള അവസരമാണ്. ഇതിനെതിരെ ഒരു മത വിഭാഗത്തെ മറയാക്കി പ്രവർത്തിക്കുന്നവരെ നാളെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധിക്ക് പൗരത്വ ബില്ലിനെകുറിച്ച് യാതൊരു ധാരണയുമില്ല. 
പശ്ചിമ ബംഗാളിലെ പോലെ കേരളത്തിലും ബി.ജെ.പി പ്രവർത്തകർ വേട്ടയാടപ്പെടുകയാണ്. ഇന്ത്യയിലെവിടെയും നിഷേധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അനിൽ കുമാരനല്ലൂർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, സംസ്ഥാന വൈസ്പ്രസിഡന്റ് ജി.രാമൻ നായർ, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.ജയസൂര്യൻ, ജില്ലാ പ്രസിഡന്റ് എൻ.ഹരി, നഗരസഭ അംഗം ടി.എൻ.ഹരികുമാർ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വി.പി.മുകേഷ് എന്നിവർ പ്രസംഗിച്ചു.
 

Latest News