Sorry, you need to enable JavaScript to visit this website.

അറാറിൽ നടുറോഡിൽ യുവതികളെ ഉപദ്രവിച്ച സംഘം അറസ്റ്റിൽ

അറാർ - നഗരത്തിലെ റോഡിൽ യുവതികളെ ഉപദ്രവിച്ച കാർ ഡ്രൈവറെയും കൂട്ടാളിയെയും ഉത്തര അതിർത്തി പ്രവിശ്യ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സംഘം യുവതികളെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട് പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ സുരക്ഷാ വകുപ്പുകൾക്ക് നിർദേശം നൽകുകയായിരുന്നു. ഇരുപതും മുപ്പതും വയസ് വീതം പ്രായമുള്ള സൗദി യുവാക്കളാണ് അറസ്റ്റിലായതെന്നും ഇരുവർക്കുമെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഉത്തര അതിർത്തി പ്രവിശ്യ പോലീസ് അറിയിച്ചു. 


അതേസമയം, വാദിദവാസിറിൽ യുവതിയെ അജ്ഞാത യുവാവ് ഉപദ്രവിച്ച സംഭവത്തിൽ സുരക്ഷാ വകുപ്പുകൾക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാദിദവാസിറിൽ യുവതിയെ അജ്ഞാത യുവാവ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ കടുത്ത രോഷത്തിന് ഇടയാക്കി. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 

 

Latest News