കാസർകോട്- ചെമ്പിരിക്ക മംഗളൂരു ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സി.ബി.ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചു. ഒരു മാസം മുമ്പ്തന്നെ നാലാമത്തെ അന്വേഷണ റിപ്പോർട്ട് സി.ബി.ഐ കോടതിയായ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നുകേസന്വേഷിച്ച സി.ബി.ഐ, ഡിവൈ.എസ്.പി ഡാർവിൻ ആണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. മുമ്പ്നൽകിയ അന്വേഷണ റിപ്പോർട്ടുകളിലെല്ലാം മരണം ആത്മഹത്യ എന്ന നിലയ്ക്കാണ് സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ നാലാം തവണ നൽകിയ അന്വേഷണ റിപ്പോർട്ടിൽ ആത്മഹത്യയെന്ന കണ്ടെത്തൽ ഒഴിവാക്കി പകരം അസ്വഭാവികമായ മുങ്ങി മരണമെന്ന് തിരുത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മരണം കൊലപാതകമാണെന്ന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അബദ്ധത്തിൽ കടലിൽ വീഴാനുള്ള സാധ്യത കൂടി ചൂണ്ടിക്കാട്ടിയാണ് അസ്വാഭാവിക മരണമെന്ന റിപ്പോർട്ട് നൽകിയിരിക്കുന്നത്. മരണം ആത്മഹത്യയാണെന്ന കണ്ടെത്തൽ കോടതി പോലും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് മരണം അസ്വഭാവികമാകാമെന്ന് സി.ബി.ഐ റിപ്പോർട്ടിൽ വിലയിരുത്തുന്നത്.ഗുരുതരമായ രോഗംമൂലം വിഷമിച്ചിരുന്ന ഖാസി കടലിൽ ചാടി മരിച്ചു എന്ന നിലയിലാണ് ആദ്യ അന്വേഷണ റിപ്പോർട്ട് അടക്കം സമർപ്പിച്ചിരുന്നത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ചു കുടുംബവും വിവിധ സംഘടനകളും പ്രക്ഷോഭത്തിലാണ്.






