കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂദല്‍ഹി- കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചു. ചൈനയില്‍നിന്ന് എത്തിയ രോഗിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. രോഗിയുടെ നില തൃപ്തികരമാണെന്നും നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അരിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

അതിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.  വിദ്യാര്‍ഥിനി ഭക്ഷണം കഴിക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ചുമയും തൊണ്ടവേദനയും കുറഞ്ഞു. പുതിയ സാമ്പിള്‍ പരിശോധനക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വിദ്യാര്‍ഥിനിയുടെ കുടുംബാംഗങ്ങള്‍ 28 ദിവസം നിരീക്ഷണത്തിലായിരിക്കും. അടുത്ത മുറിയില്‍ കുട്ടിയുടെ അമ്മ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇവര്‍ക്ക്  ഇടക്ക് സുരക്ഷിത വസ്ത്രങ്ങള്‍ ധരിച്ച് മകളെ കാണാന്‍ അവസരം നല്‍കുന്നുണ്ട്.

ചൈനയില്‍ നിന്നെത്തിയ മൂന്ന് പേരെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിരിക്കയാണ്. ചൈനയില്‍ നിന്നെത്തി പനിയുടെ ലക്ഷണമുണ്ടായിട്ടും ചികിത്സ തേടാതെ വീട്ടില്‍ പ്രാര്‍ഥിച്ച് കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിയും ജനറല്‍ ആശുപത്രിയിലെ എസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ട്.

 

 

 

Latest News