Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രീറാമും വഫയും ഒന്നും രണ്ടും പ്രതികൾ;  പോലീസ് കുറ്റപത്രം നൽകി

തിരുവനന്തപുരം- മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 
ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി. മദ്യലഹരിയിൽ അലക്ഷ്യമായും അമിതവേഗത്തിലും ശ്രീറാം വെങ്കിട്ടരാമൻ കാറോടിച്ചതാണ് അപകടത്തിന് കാരണമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ശ്രീറാം മദ്യപിച്ചെന്നറിഞ്ഞിട്ടും വാഹനം കൈമാറുകയും ഡ്രൈവ് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തതിന് പ്രേരണാ കുറ്റം ചുമത്തിയാണ് വഫ ഫിറോസിനെ രണ്ടാം പ്രതിയാക്കിയിട്ടുള്ളത്. 


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അമിത വേഗം മരണത്തിന് ഇടയാക്കുമെന്ന് അറിഞ്ഞിട്ടും അപകടകരമായി ഡ്രൈവ് ചെയ്തതിന് മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. നൂറോളം സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ള 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി പോലീസ് കോടതിയിൽ ഹാജരാക്കി. ശാസ്ത്രീയ തെളിവും സാക്ഷി മൊഴികളും തെളിവായുണ്ട്. 


ഐ.പി.സി 304 (എ) പ്രകാരം കേസെടുത്തിരിക്കുന്നത് കുറ്റപത്രത്തിൽ 304-ാം വകുപ്പാക്കിയിട്ടുണ്ട്. അപകടസമയത്ത് നൂറു കിലോമീറ്ററിനടുത്ത് വേഗത്തിലാണ് കാർ സഞ്ചരിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. കാർ നിർമാതാക്കളായ ഫോക്‌സ് വാഗണിലെ സാങ്കേതിക വിദഗ്ധർ പരിശോധിച്ചെങ്കിലും വേഗത്തിന്റെ വിശദാംശങ്ങൾ ലഭ്യമാകാത്തതിനെ തുടർന്ന് ശ്രീചിത്ര എൻജിനീയറിംഗ് കോളേജിലെ ഓട്ടോമൊബൈൽ വിഭാഗത്തിലെ വിദഗ്ധ സംഘം പരിശോധിച്ചാണ് കാർ അമിത വേഗത്തിലാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് സമർപ്പിച്ചത്. ഇത് ഉൾപ്പെടുത്തിയ കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.


2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 12.55 നാണ് ശ്രീറാം ഓടിച്ച കാറിടിച്ച് കെ.എം ബഷീർ കൊല്ലപ്പെടുന്നത്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് ശ്രീറാമിനെ സർവീസിൽ തിരികെയെത്തിക്കാൻ നടത്തിയ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശ്രീറാമിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതിനെതിരെ സിറാജ് മാനേജ്‌മെന്റും കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ ഘടകവും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ളി മുഖ്യമന്ത്രി ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

Latest News