Sorry, you need to enable JavaScript to visit this website.

കേന്ദ്ര ബജറ്റ് പണപ്പെരുപ്പവും  തൊഴിലില്ലായ്മയും വർധിപ്പിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം- പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർധിപ്പിക്കുന്നതിനു വഴിവെക്കുന്നതാണ് കേന്ദ്രബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നികുതിയിൽനിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയിൽ വലിയതോതിലുള്ള ഇടിവു വരുന്നു എന്നത് ഉൽക്കണ്ഠാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്ര ഭീമമാണ് ഇടിവ് എന്നത് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ .സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീർത്തും അവഗണിച്ചിരിക്കുകയാണ് കേന്ദ്ര ബജറ്റ്. പ്രകൃതിക്ഷോഭ സഹായധനം ഇതര സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയപ്പോൾ കേരളത്തെ അതിരൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ സംസ്ഥാനമായിട്ടു കൂടി ഒഴിവാക്കിയത് കഴിഞ്ഞ മാസത്തിലാണ്. അതേ രാഷ്ട്രീയ മനോഭാവമാണ് കേരളത്തിന്റെ കാര്യത്തിൽ ബജറ്റിലുള്ളത്.


പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതലായി വിറ്റഴിക്കാനുള്ള നിർദേശങ്ങളടങ്ങിയ കേന്ദ്ര ബജറ്റ് കേരളത്തിലെ കൊച്ചിൻ ഷിപ്പ്യാർഡ്, റിഫൈനറി പോലുള്ളവക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. എന്നു മാത്രമല്ല, നിലവിലുള്ളതിനെ അപേക്ഷിച്ചു പോലും പല രംഗങ്ങളിലും വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. ജി.എസ്.ടി കാര്യത്തിൽ അർഹമായ വിഹിതം നിരന്തരം നിഷേധിക്കുന്ന കേന്ദ്രം, കൃഷിഭൂമി രംഗങ്ങളിൽ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങൾക്കും ഫെഡറൽ സത്തയ്ക്കും വിരുദ്ധമായി കൂടിയതോതിൽ കവരുന്നതിനുള്ള ശ്രമം നടത്തുന്നു. സെമി ഹൈ സ്പീഡ് കോറിഡോർ, അങ്കമാലി ശബരി റെയിൽപാത, ജി.എസ്.ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയർത്തൽ, റബ്ബർ സബ്‌സിഡി ഉയർത്തൽ കേരളത്തിന് ഒരു എയിംസ്, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അധിക നിക്ഷേപം, ദേശീയപാതാ വികസനം വേഗത്തിലാക്കൽ ഗൾഫ് നാടുകളിലെ എംബസികളിൽ അറ്റാഷെകളുടെ എണ്ണം വർധിപ്പിക്കൽ, പ്രവാസി പുനരധിവാസം തുടങ്ങി കേരളം സുപ്രധാനമായ എത്രയോ ആവശ്യങ്ങൾ മുമ്പോട്ടുവെച്ചിരുന്നു. വിശദമായ നിവേദനം നൽകിയിരുന്നു. എന്നാൽ അതിനൊന്നും ഒരു പരിഗണനയും നൽകിയില്ല.


കോർപറേറ്റ് നികുതി മേഖലയിൽ ആവർത്തിച്ച് ഇളവുകൾ അനുവദിച്ചതും കാർഷികോൽപാദനം വർധിപ്പിക്കാൻ പദ്ധതികളില്ലാത്തതും എൽ.ഐ.സിയിലെ സർക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചതും മറ്റും കേന്ദ്ര സർക്കാരിന്റെ അനുഭാവം ഏതു കൂട്ടരോടാണെന്നതിനു തെളിവു നൽകുന്നുണ്ട്.
ആഗോളവൽക്കരണ നയങ്ങൾ വലിയ മാന്ദ്യവും വൈഷമ്യവും ഉണ്ടാക്കിയിട്ടും ശക്തിപ്പെടുത്തി തുടരുക തന്നെ ചെയ്യും എന്നതിന്റെ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് കാര്യമായി ഒന്നു പരാമർശിക്കുന്നു പോലുമില്ല ഈ ബജറ്റ് എന്നതും ശ്രദ്ധേയമാണ്. സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതോ സാമൂഹ്യ സുരക്ഷയെ ഉറപ്പിക്കുന്നതോ വികസനത്തിലേക്കു നയിക്കുന്നതോ അല്ല ഈ ബജറ്റ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സമതുലിതമായ വികസനം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ അതിനു നേർ വിപരീത ദിശയിലാണ് ബജറ്റും കേന്ദ്രവും നീങ്ങുന്നത്.

 

Latest News