ആറ് ഇന്ത്യക്കാര്‍ക്ക് ചൈന യാത്രാനുമതി നിഷേധിച്ചു

ബീജിംഗ്- കൊറോണ വൈറസ് ഭീതി പടര്‍ത്തി നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ വുഹാനില്‍നിന്ന് 324 ഇന്ത്യക്കാരെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. അതേസമയം ആറ് ഇന്ത്യക്കാര്‍ക്ക് ചൈന യാത്രാനുമതി നിഷേധിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പരിശോധനയില്‍ ഇവര്‍ക്ക് പനിയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് യാത്രാനുമതി നിഷേധിച്ചതെന്ന് ഔദ്യേഗിക വൃത്തങ്ങള്‍ പറയുന്നു.
ഇന്ന് രാവിലെയാണ് 42 മലയാളികള്‍ അടക്കം 324 ഇന്ത്യക്കാരുമായി ചൈനയിലെ വുഹാനില്‍നിന്ന് വിമാനം ഡല്‍ഹിയില്‍ എത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. 56 പേരാണ് ഇവര്‍. തമിഴ്‌നാട്ടില്‍ നിന്നും 53 പേരും സംഘത്തിലുണ്ട്. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതര്‍ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്. ഇവരെ ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ മനേസറില്‍ കരസേനയുടെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റും.

Latest News