Sorry, you need to enable JavaScript to visit this website.

'റേറ്റിംങോ? ഒന്നിനും പൂജ്യത്തിനും ഇടയില്‍ എന്തും നല്‍കാം' കേന്ദ്രബജറ്റിനെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം

ന്യൂദല്‍ഹി- നിര്‍മലാ സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് ഒന്നിനും പൂജ്യത്തിനും ഇടയില്‍ റേറ്റിംഗ് നല്‍കി മുന്‍ ധനമന്ത്രി പി ചിദംബരം. ബജറ്റിന് ശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റിനെ റേറ്റ് നല്‍കുകയാണെങ്കില്‍ ഒന്നു മുതല്‍ 10 വരെയുള്ള ഏത് നമ്പര്‍ എടുക്കുമെന്ന  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നിനും പൂജ്യത്തിനും ഇടയിലുള്ള ഏത് നമ്പറായാലും മതി എന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
‘ഒന്നിനും പൂജ്യത്തിനുമിടയിലുള്ള ഏത് നമ്പറും. 10ല്‍ ഒന്നും പൂജ്യവുമുണ്ടല്ലോ. നിങ്ങള്‍ക്ക് ഏത് നമ്പരും എടുക്കാം’ അദ്ദേഹം പറഞ്ഞു.

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ എടുത്ത സമയ ദൈര്‍ഘ്യത്തേയും അദ്ദേഹം പരിഹസിച്ചു. "160 മിനിറ്റോളം നീണ്ടുനിന്നു അത്. എന്നെപ്പോലെ നിങ്ങളും ക്ഷീണിതരായിട്ടുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ കുറ്റം പറയില്ല. ബജറ്റു കൊണ്ട് പറയാന്‍ ഉദ്ദേശിച്ചത് എന്തായിരുന്നുവെന്ന് മനസിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു ആശയമോ പ്രസ്താവനയോ ഒന്നും തന്നെ എനിക്ക് പ്രസംഗത്തില്‍ നിന്നും ലഭിച്ചില്ല. 2020-21ൽ വളർച്ച പുനരുജ്ജീവിപ്പിക്കുമെന്ന് വിശ്വസിക്കാൻ ബജറ്റിൽ ഒന്നും തന്നെയില്ല.അടുത്ത വർഷം 6 മുതൽ 6.5 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന അവകാശവാദം ആശ്ചര്യകരവും നിരുത്തരവാദപരവുമാണ്" ചിദംബരം പറഞ്ഞു.

പാര്‍ലമെന്റില്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും നീളം കൂടിയ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിച്ചത്.  ആദായ നികുതി ഘടനയില്‍ വന്‍ ഇളവാണ് ഇത്തവണ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്.

Latest News