Sorry, you need to enable JavaScript to visit this website.

ഗോരഖ്പൂർ ദുരന്തം; പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ഗോരഖ്പൂർ- ഓക്‌സിജൻ ക്ഷാമത്തെത്തുടർന്ന് ഉത്തർ പ്രദേശിലെ ഗോരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിക്കാൻ ഇടയായ സംഭവത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി സന്ദർശിച്ച ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തം മറികടക്കുന്നതിന് കേന്ദ്രം എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. അതീവസുരക്ഷാനടപടികൾ ഏർപ്പെടുത്തിയ ശേഷമായിരുന്നു ആശുപത്രിയിൽ യോഗി ആദിത്യനാഥും സംഘവും എത്തിയത്. ബോംബ് സ്‌ക്വാഡ് അടക്കമുള്ളവ ആദ്യം ആശുപത്രി വാർഡുകളിൽ പരിശോധന നടത്തിയിരുന്നു. 
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓക്‌സിജൻ കിട്ടാതെ കുട്ടികൾ മരിക്കുക എന്നത് അങ്ങേയറ്റം അധിക്ഷേപകരമായ കാര്യമാണെന്നും ഇതിന് ഉത്തരവാദികളായ ആരെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിലേക്ക് ഓക്‌സിജൻ സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിൻ പക്കൽ വീഴ്ചയുണ്ടോയെന്നും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ഇന്നലെ രാവിലെ സസ്‌പെന്റ് ചെയ്തിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 70 കുട്ടികളാണ് ആശുപത്രിയിൽ മരിച്ചത്. ഇതിൽ അധികവും നവജാത ശിശുക്കളാണ്.
സംഭവത്തിന് കാരണം സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അലംഭാവമാണെന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്ന കമ്പനി വൻതുക ബിൽ കുടിശ്ശികയുള്ളതിനാൽ സപ്ലൈ നിർത്തിവെക്കുമെന്ന് രേഖാമൂലം അറിയിച്ചിട്ടും ആശുപത്രി അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് അറിയുന്നത്. ഏറ്റവും കൂടുതൽ മരണം നടന്ന വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെ ഓക്‌സിജൻ സ്റ്റോറേജ് പ്ലാന്റിലെ ജീവനക്കാർ അപകട സാധ്യതയെക്കുറിച്ച് ചീഫ് മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഓക്‌സിജൻ ശേഖരം അപകടകരമാംവിധം താഴ്ന്നുവെന്നും അന്ന് വൈകുന്നേരം വരേക്കുള്ള ജീവവായുവേ ഉണ്ടാവൂവെന്നുമാണ് ജീവനക്കാർ അറിയിച്ചത്. രാത്രി പതിനൊന്നരയോടെ ആശുപത്രിയിലെ ഓക്‌സിജൻ ശേഖരം പൂർണമായി തീർന്നു. പകരം സിലിണ്ടറുകൾ എത്തിച്ചത് രണ്ട് മണിക്കൂറിനുശേഷം അർധരാത്രി ഒന്നരക്കാണ്. ഇത്രയും സമയം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗങ്ങളിലുള്ള രോഗികൾക്കൊന്നും ഓക്‌സിജൻ കിട്ടിയില്ല. 23 കുട്ടികളാണ് വ്യാഴാഴ്ച ഈ ആശുപത്രിയിൽ മരിച്ചത്. അതേ ദിവസം ആശുപത്രിയിലെ വിവിധ വാർഡുകളിലായി 18 മുതിർന്ന രോഗികളും മരിച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് അധികൃതരുടെ അനാസ്ഥ മൂലമുള്ള ഓക്‌സിജൻ ക്ഷാമമാണ് കൂട്ടമരണത്തിന് കാരണമെന്നാണ്.


ആശുപത്രി അധികൃതർക്ക് പുറമെ സർക്കാരിനും ദുരന്തത്തിൽ പങ്കുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഓക്‌സിജൻ സപ്ലൈ ചെയ്യുന്ന പുഷ്പ സെയിൽസ് എന്ന സ്ഥാപനത്തിന് 63.65 ലക്ഷം രൂപ കുടിശ്ശികയുള്ള വിവരം ആശുപത്രി അധികൃതർ സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ചൊവ്വാഴ്ച പുതിയ ഐ.സി.യു, സി.സി.യു ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി തന്നെ ആശുപത്രി സന്ദർശിച്ചെങ്കിലും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. 22 വർഷമായി യോഗി ആദിത്യനാഥ് ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന ഗോരഖ്പൂരിലെ ഏറ്റവും വലിയ ആശുപത്രിയാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ് ആശുപത്രി. 800 കിടക്കകളുള്ള ബി.ആർ.ഡി കിഴക്കൻ യു.പിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയുമാണ്. 
അതിനിടെ ഈ വർഷം രണ്ട് തവണ ആശുപത്രി അധികൃതർക്ക് ബിൽ കുടിശ്ശികയെക്കുറിച്ച് രേഖാമൂലം അറിയിപ്പ് നൽകിയിരുന്നതായി പുഷ്പ സെയിൽസ് അധികൃതർ പറയുന്നു. ഏറ്റവുമൊടുവിൽ ഓഗസ്റ്റ് ഒന്നിനാണ് കത്തെഴുതിയത്. ഹിന്ദിയിലുള്ള കത്തിന്റെ പകർപ്പ് പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.
ആശുപത്രിയിൽ സമീപ ദിവസങ്ങളിൽ ഭയാനകമാംവിധം കുട്ടികളുടെ മരണസംഖ്യ വർധിച്ചതിനെ തുടർന്ന് പ്രാദേശിക മാധ്യമങ്ങൾ ഇതേക്കുറിച്ച് റിപ്പോർട്ട് നൽകിയെങ്കിലും അധികൃതർ കാര്യമാക്കിയില്ലെന്നും വ്യക്തമാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ മാത്രം 32 കുട്ടികളാണ് മരിച്ചത്. വെള്ളിയാഴ്ച ഏഴ് കുട്ടികൾ മരിച്ചു. മുഖ്യമന്ത്രി സന്ദർശനം നടത്തിയ ചൊവ്വാഴ്ച 12 കുട്ടികളും തിങ്കളാഴ്ച ഒമ്പത് കുട്ടികളും മരിച്ചു.
സംഭവത്തിൽ അക്ഷന്തവ്യമായ വീഴ്ച വരുത്തിയ മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യ മന്ത്രിയും രാജിവെക്കണമെന്ന് ആശുപത്രി സന്ദർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ആശുപത്രിയിൽ കണ്ടത് ഹൃദയഭേദകമായ രംഗങ്ങളാണെന്നും കുട്ടികളുടെ മരണം അതീവ ദുഃഖകരമാണെന്നും സർക്കാരിന്റെ അലംഭാവമാണ് ഇതിന് കാരണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുട്ടികളുടെ കൂട്ട മരണത്തിൽ അങ്ങേയറ്റം വേദനയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പറഞ്ഞു.


മറ്റ് പ്രതിപക്ഷകക്ഷി നേതാക്കളും ആശുപത്രി സന്ദർശിച്ചു. മരിച്ച കുട്ടികളുടെ കുടുംബങ്ങളോട് മൃതദേഹവുമായി പൊയ്‌ക്കൊള്ളനാണ് ആശുപത്രി അധികൃതർ പറയുന്നതെന്നും പോസ്റ്റ്‌മോർട്ടം പോലും നടത്താത്തത് നിർഭാഗ്യകരമാണെന്നും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും ഓക്‌സിജൻ ക്ഷാമമല്ല മരണകാരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജില്ലാ ഭരണകൂടം. ജപ്പാൻ ജ്വരം പോലുള്ള കടുത്ത പനിയുമായി നിരവധി പേർ എത്തുന്ന ആശുപത്രിയാണിതെന്നും, ഇവിടെ ഇത്തരത്തിൽ മരണം പതിവാണെന്നുമാണ് ജില്ലാ കലക്ടർ രാജീവ് റൗതേല പറഞ്ഞത്. എന്നാൽ ഈ വർഷം ജനുവരി മുതൽ ഈ മാസം എട്ട് വരെ ജ്വരം ബാധിച്ച 476 രോഗികളാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നാണ് കണക്ക്. ഇതിൽ 117 പേരാണ് മരിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ മരണസംഖ്യ വളരെ കൂടുതലാണ്. ഇതാണ് ദുരന്തം ഓക്‌സിജൻ ക്ഷാമമാണെന്ന് വ്യക്തമാക്കുന്നതും.
സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് അന്വേഷണം നടത്തി. പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച് കാര്യങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി, താൻ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു.

Latest News