Sorry, you need to enable JavaScript to visit this website.

കടലാമകളുടെ കാവലാളിന് വനമിത്ര പുരസ്‌കാരം

എൻ.ജെ.ജെയിംസ്‌

ചാവക്കാട് -  ചാവക്കാട്ടെ കടലോരത്തും ചേറ്റുവ കായലോരത്തും കണ്ടലുകൾ വെച്ചു പിടിപ്പിക്കാൻ നേതൃത്വം നൽകിയ എൻ.ജെ. ജെയിംസിന് 2019-20 വർഷത്തെ കേരള വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ വനമിത്ര പുരസ്‌കാരം.
രണ്ടായിരത്തിൽ കണ്ടൽചെടികളുമായി ഇറങ്ങിയാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കായലോരത്ത് പുതു പരീക്ഷണത്തിന് ജെയിംസ് നേതൃത്വം നൽകിയത്. കണ്ടൽച്ചെടികളുടെ ഗുണങ്ങളെ കുറിച്ച് സ്‌കൂളുകളിലും കവലകളിലും ബോധവൽക്കരണം നടത്തിയിട്ടുണ്ട്. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പിന്തുണയോടെ കണ്ടൽ വ്യാപനത്തിനും സംരക്ഷണത്തിനും മുന്നിൽ നിന്നു. ആ വർഷം ചാവക്കാട് എടക്കഴിയൂർ പഞ്ചവടി കേന്ദ്രമാക്കി കേരളത്തിലെ രണ്ടാമത്തെ കടലാമ സംരക്ഷണ കേന്ദ്രത്തിന് തുടക്കം കുറിച്ചു. പുന്നയൂർ, പുന്നയൂർക്കുളം, കടപ്പുറം പഞ്ചായത്തുകളിലും ചാവക്കാട് മുനിസിപ്പാലിറ്റിയും അടങ്ങുന്ന കടലോരം കേന്ദ്രമാക്കിയായിരുന്നു ബോധവൽക്കരണ പരിപാടികൾ. ഇന്ന് കടലാമകൾ ഏറ്റവും കൂടുതൽ മുട്ടയിടാൻ എത്തുന്നത് ചാവക്കാട് മുതൽ പാപ്പാളി വരെയുള്ള പ്രദേശത്താണ്. ചാവക്കാട് തീരത്ത് കടലാമകൾക്ക് സുരക്ഷിതമായി കൂടൊരുക്കി കടലിലേക്ക് തിരിച്ചു പോകുന്നതിനുള്ള സൗകര്യം ഒരുക്കിയെടുക്കുന്നതിന് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പുത്തൻ കടപ്പുറം, ഇരട്ടപ്പുഴ, ബ്ലാങ്ങാട്, അകലാട്, മന്ദലാംകുന്ന്, പപ്പാളി എന്നിവിടങ്ങളിൽ ഇപ്പോൾ സജീവ കടലാമ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. പഞ്ചായത്ത് കിണറുകൾ കുപ്പത്തൊട്ടിയാകാതിരിക്കാനുള്ള പ്രവർത്തനങ്ങൾക്കും മുമ്പിൽ നിൽക്കുന്നു. പുന്നയൂർ പഞ്ചായത്തിലെ കടലോരത്ത് അറപ്പതോടരികുകളിൽ ജൈവവൈവിധ്യ അറപ്പവനങ്ങൾ വളർത്താനുള്ള   ശ്രമത്തിലാണിപ്പോൾ ജെയിംസ്. ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ പരിസ്ഥിതി ക്ലബ്ബുകളെ സജീവ ജൈവവൈവിധ്യ ക്ലബ്ബുകളാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പാവറട്ടി, ചാവക്കാട്, എളവള്ളിയിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഏനാമാവ് കോൾനിലങ്ങളിലെ ജല പക്ഷികളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിലും സജീവമാണ്. ചാവക്കാട്, പാവറട്ടി, ഗുരുവായൂർ അങ്ങാടികളിലെ കുരുവികളുടെ സംരക്ഷണത്തിലും ശ്രദ്ധിക്കുന്നുണ്ട് ജെയിംസ്. എടക്കഴിയൂർ സീതി സാഹിബ് സ്‌കൂളിലെ ജീവശാസ്ത്രധ്യാപകനാണ്.
 

Latest News