എവിടേയും നികുതി നല്‍കാത്ത പ്രവാസികളെ ഇന്ത്യയില്‍ പിടികൂടും

ന്യൂദല്‍ഹി- ഒരു രാജ്യത്തും നികുതി നല്‍കാത്ത പ്രവാസി ഇന്ത്യക്കാരില്‍നിന്ന് നികുതി ഈടാക്കാന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. പ്രവാസി പദവി നിലനിര്‍ത്തി ആഗോളതലത്തിലുള്ള വരുമാനത്തെ ഇന്ത്യന്‍ നികുതിയില്‍നിന്ന് ഒഴിവാക്കുന്ന ഇന്ത്യക്കാരേയും ഇന്ത്യന്‍ വംശജരേയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒരു രാജ്യത്തും സ്ഥിരതാമസമാക്കാതെ പലരാജ്യങ്ങളില്‍ തങ്ങുന്നവരുണ്ടെന്നും ഇങ്ങനെ താമസിക്കുന്ന ഇന്ത്യന്‍ വംശജരെ ഇന്ത്യയില്‍ താമസിക്കുന്നവരായി കണക്കാക്കി നികുതിവലയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡേ പറഞ്ഞു.

ഇതുവരെ 182 ദിവസം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരെയാണ് (പി.ഐ.ഒ) പ്രവാസി ഇന്ത്യക്കാരില്‍ (എന്‍.ആര്‍.ഐ) ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ അത് 120 ദിവസമായി കുറക്കാന്‍  ബജറ്റ് നിര്‍ദേശിക്കുന്നു.

ഇന്ത്യയില്‍ തങ്ങുന്ന സമയം കൊണ്ട് കാര്യമായ ബിസിനസുകള്‍ നടത്തുകയും അതേസമയം, പ്രവാസി ഇന്ത്യക്കാരനെന്ന പദവി നിലനിര്‍ത്തി ആഗോള തലത്തിലുള്ള വരുമാനം വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നവരെയാണ് പുതിയ നികുതി ലക്ഷ്യമിടുന്നത്.

ആദായ നികതി നിയമത്തിലെ ഭേദഗതി പ്രകാരം ഇനിയൊരാള്‍ പ്രവാസിയാകാന്‍ വര്‍ഷം 240 ദിവസം രാജ്യത്തിനു പുറത്ത് താമസിച്ചിരിക്കണം. നിലവില്‍ ഇത് 182 ദിവസം മതിയായിരുന്നു.

 

Latest News