Sorry, you need to enable JavaScript to visit this website.

ജാമിഅ മില്ലിയ കാമ്പസിനകത്ത് പ്രതിഷേധ പരിപാടികള്‍ വിലക്കി

ന്യൂദല്‍ഹി- ജാമിഅ മില്ലിയ ഇസ്ലാമിയ കാമ്പസിനകത്ത് പ്രതിഷേധ യോഗങ്ങളും പ്രക്ഷോഭങ്ങളും നിരോധിച്ചു. കാമ്പസിനകത്ത് പ്രതിഷേധ പരിപാടികള്‍ നടത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കാമ്പസിനകത്ത് പ്രവേശിക്കുന്ന പുറമേയുള്ളവരെ കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചു. സര്‍വകലാശാലാ പ്രദേശത്ത് ഈയിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ വെളിച്ചത്തിലാണ് നിര്‍ദേശങ്ങള്‍.
കാമ്പസിനു പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേരെ വെടിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. ഇതാ സ്വാതന്ത്യമെന്ന് പറഞ്ഞുകൊണ്ടാണ് തോക്ക് ഉയര്‍ത്തുകയും വിദ്യാര്‍ഥികള്‍ക്കുനേരെ നിറയൊഴിക്കുകയും ചെയ്തത്. സെന്‍ട്രല്‍ കാന്റീന്‍ പരിസരത്തോ ജാമിഅ മില്ലിയ കാമ്പസില്‍ എവിടേയും അസൗകര്യങ്ങളുണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധ യോഗങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കാന്‍ പാടില്ലെന്ന് ഔദ്യോഗിക ഉത്തരവില്‍ ജാമിഅ രജിസ്ട്രാര്‍ പറഞ്ഞു.
ക്ലാസുകളും പരീക്ഷകളും നടത്തുന്നതിന് വിദ്യാര്‍ഥികള്‍ സഹകരിക്കണമെന്നും സര്‍ക്കുലറില്‍ അഭ്യര്‍ഥിച്ചു.
പ്രതിഷേധക്കാരെ പിടികൂടാനെന്ന പേരില്‍ പോലീസ് പ്രവേശിച്ചത് കഴിഞ്ഞ മാസം കാമ്പസിനെ അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമാക്കിയിരുന്നു. സി.എ.എ വിരുദ്ധ സമരത്തിനു പിന്നാലെ ദല്‍ഹിയില്‍ നാല് ഡി.ടി.സി ബസുകളും 100 സ്വകാര്യ വാഹനങ്ങളും 10 പോലീസ് ബൈക്കുകളും തകര്‍ത്തിരുന്നു. ദല്‍ഹി പോലീസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി യൂനിവേഴ്‌സിറ്റി അധികൃതര്‍ കോടതിയെ സമീപിച്ചിരിക്കയാണ്. വിദ്യാര്‍ഥി മാര്‍ച്ചിന്റെ മറവില്‍ ദല്‍ഹി പോലീസും പുറമെനിന്നുള്ളവരുമാണ് അക്രമങ്ങള്‍ നടത്തിയതെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയും മറ്റും ആരോപിച്ചിരുന്നു.

 

Latest News