Sorry, you need to enable JavaScript to visit this website.

ആരാണിവിടെ ഗവർണറെ  ഭയപ്പെടുന്നത്?

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയം സർക്കാർ അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. വെള്ളിയാഴ്ച നിയമസഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ അതുതന്നെയാണ് സംഭവിച്ചത്.  സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത നഷ്ടപ്പെടുന്ന ചർച്ചകളിലേക്കാണ് ഈ തീരുമാനം നയിക്കുക.
പ്രമേയം ചട്ടപ്രകാരമല്ലെന്നും സമ്മേളനത്തിൽ പ്രതിപക്ഷപ്രമേയം ചർച്ച ചെയ്യാൻ സമയക്കുറവുണ്ടെന്നും പറഞ്ഞാണ് പാർലമെന്ററികാര്യമന്ത്രി എ.കെ ബാലനും മുഖ്യമന്ത്രിയും പ്രതിപക്ഷ നീക്കത്തെ മുൻകൂട്ടി തടഞ്ഞത്.  ഇതിലുള്ള പ്രതിഷേധം സഭയിൽ പ്രതിപക്ഷം പ്രകടിപ്പിക്കുന്നതോടെ സർക്കാർ കാത്തുസൂക്ഷിക്കുമെന്ന് അവകാശപ്പെടുന്ന സമ്മേളനസമയം ഏറെ നഷ്ടപ്പെടുമെന്നത് മറ്റൊരുകാര്യം.  


പ്രതിപക്ഷ നേതാവ് ചെന്നിത്തല നോട്ടീസ് നൽകിയ പ്രമേയം ചട്ടപ്രകാരമാണെന്നും കീഴ്‌വഴക്കമുണ്ടെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയതാണ്.  ക്രമത്തിലുള്ള പ്രമേയം ക്രമത്തിലല്ലെന്നു പറഞ്ഞ് കാര്യോപദേശക സമിതി തള്ളിക്കളയുന്നത് ഫലത്തിൽ സ്പീക്കറുടെ റൂളിംഗിനെ മുഖ്യമന്ത്രി തള്ളിക്കളയുന്നതിനു തുല്യമാണ്.
സഭാചട്ടങ്ങളനുസരിച്ച് നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സ്പീക്കർ സർക്കാറിന്റെ അഥവാ മുഖ്യമന്ത്രിയുടെ നിലപാടിന് കീഴ്‌പ്പെടുന്നതാണ് ചട്ടപ്രകാരമല്ല പ്രമേയമെന്നു പറഞ്ഞ്  തടയുന്നതിലൂടെ സംഭവിക്കുന്നത്.  പൗരാവകാശ പ്രശ്‌നത്തിൽ ഏകകണ്ഠമായി സഭ പ്രമേയം അംഗീകരിച്ചത് ഭരണഘടനാ വിരുദ്ധമെന്നു മാത്രമല്ല ക്രിമിനൽ ശക്തികളുടെ ബാഹ്യ ഇടപെടലിനെ തുടർന്നാണെന്നുപോലും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. 


ഭരണത്തലവനായ ഗവർണർ നിയമനിർമ്മാണസഭയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത അസാധാരണ സാഹചര്യം.  അതിനെ അപലപിക്കുന്ന പ്രമേയം സഭാ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിതന്നെ കൊണ്ടുവരേണ്ടതായിരുന്നു. തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിൽ പോലും. അത് ഗവർണറുമായുള്ള ഏറ്റുമുട്ടലായി സ്വയം കാണുന്നതുകൊണ്ടാണ് സർക്കാറിന് സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ കഴിയാത്തതും പ്രതിപക്ഷ പ്രമേയത്തെ സാങ്കേതികത്വം പറഞ്ഞ് നിരാകരിക്കുന്നതിന് സ്പീക്കർക്കുപോലും കൂട്ടുനിൽക്കേണ്ടി വരുന്നതും.
ഗവർണറെ പിൻവലിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം ഭേദഗതിയിലൂടെ മയപ്പെടുത്തി പ്രതിപക്ഷവും ഭരണപക്ഷവും യോജിപ്പോടെ നിന്നിരുന്നെങ്കിൽ നിയമസഭയുടെ അന്തസ് സംരക്ഷിക്കാൻ കഴിയുമായിരുന്നു. ഗവർണർ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നതും മുഖ്യമന്ത്രി അതിനു സഹായകമാംവിധം സ്വയം വിട്ടുവീഴ്ച ചെയ്യുന്നതുമാണ് നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച തർക്കംതൊട്ട് യഥാർത്ഥത്തിൽ കാണുന്നത്.


പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തിൽ ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷ - ജനാധിപത്യമുന്നണി സർക്കാറിന്റേത്. അങ്ങനെ വിശ്വസിക്കാൻ ജനങ്ങളെ നിർബന്ധിതമാക്കുന്ന നിലപാടാണ് നയപ്രഖ്യാപന പ്രസംഗത്തിലും ഗവർണർക്കെതിരായ പ്രമേയത്തിന്റെ കാര്യത്തിലും സർക്കാർ സ്വീകരിച്ചത്.  പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന സഭാപ്രമേയവും സുപ്രീംകോടതിയിൽ നൽകിയ ഹരജി സംബന്ധിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ്  ഗവർണറുടേത്. എന്നിട്ടും ഗവർണർ എതിർക്കുന്ന  സർക്കാർ നയം ഗവർണറെക്കൊണ്ട് സഭയിൽ വായിപ്പിച്ചു എന്നാണ് സർക്കാറും ഭരണകക്ഷികളും അവകാശപ്പെടുന്നത്.  അത് അർദ്ധസത്യമാണെങ്കിലും. വിവാദ ഖണ്ഡിക വായിക്കണമെന്ന് ബഹു. മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്നും അത് സർക്കാറിന്റെ കാഴ്ചപ്പാടായി മുഖ്യമന്ത്രി അയച്ച കത്തിൽ വിശദീകരിച്ചെന്നും പറഞ്ഞാണ് ആ ഭാഗം ഗവർണർ സഭയിൽ വായിച്ചത്.


പൗരത്വ ഭേദഗതി നിയമത്തെ നയപ്രശ്‌നമെന്ന നിലയിലാണ് സർക്കാർ കോടതിയിലും നിയമസഭാ പ്രമേയത്തിലും കൈകാര്യംചെയ്തത്. പക്ഷെ, അത് സർക്കാറിന്റെ കാഴ്ചപ്പാടാണെന്ന് വിശദീകരിച്ച്  കത്തെഴുതി ഗവർണറെ സഹായിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. ഗവർണർക്കയച്ച കത്തിൽനിന്നും ഗവർണർ സഭയിൽ  വെളിപ്പെടുത്തിയതിൽനിന്നും അതു വ്യക്തമാണ്.
ഗവർണറെ പിൻവലിക്കണമെന്നാവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തിന് നോട്ടീസ് ലഭിക്കുകയും അതു ചട്ടപ്രകാരമാണെന്ന് സ്പീക്കർ നിലപാട് അറിയിക്കുകയും ചെയ്ത ശേഷമാണ് ഗവർണറും സർക്കാറും നിലപാട് മാറ്റിയത്. പ്രമേയം സഭയിൽ വന്നാൽ കയ്ച്ചിട്ടു തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും വയ്യാത്ത സ്ഥിതിയിലാകും മുഖ്യമന്ത്രിയും ഭരണപക്ഷവും. ഗവർണറെ പ്രതിപക്ഷ പിന്തുണയോടെ നീക്കാൻ ശ്രമിക്കുന്നത് സർക്കാറിന് ദോഷംചെയ്യുമെന്ന് മുഖ്യമന്ത്രി കരുതുന്നു.  ഈ രാഷ്ട്രീയ പ്രതിസന്ധിയിൽനിന്ന് തലയൂരുകയാണ് മുഖ്യമന്ത്രിയും ഭരണമുന്നണിയും ചെയ്തത്.  അതിന് സത്യസന്ധമല്ലാത്ത കാരണം പറഞ്ഞ് വളഞ്ഞവഴി സ്വീകരിക്കുന്നുവെന്നുമാത്രം. 


പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യമാകെ ശ്രദ്ധിച്ചതായിരുന്നു കേരളത്തിന്റെ പോരാട്ടം.  ഭരണപക്ഷവും പ്രതിപക്ഷവും ഉയർത്തിക്കൊണ്ടുവന്ന യോജിപ്പ് തകർക്കുന്നതാണ് ഈ നീക്കം. ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത നിലപാടെടുത്ത ഗവർണറുമായി സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാലം ഉറപ്പിക്കാൻ ഇപ്പോൾ മുഖ്യമന്ത്രിക്കു കഴിഞ്ഞു. നരേന്ദ്രമോഡി സർക്കാറും പിണറായി സർക്കാറും തമ്മിൽ ഒരു അന്തർധാരയുണ്ടെന്നും അതിനെ ബന്ധിപ്പിക്കുന്ന പാലമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞാക്രമിക്കാൻ ഇതിടയാക്കി.  ലാവ്‌ലിൻ കേസിൽനിന്ന് രക്ഷപ്പെടാൻ ഗവർണർവഴി ബി.ജെ.പി സഹായം തേടുകയാണെന്നുപോലും കുറ്റപ്പെടുത്തി.


നയപ്രഖ്യാപന പ്രസംഗത്തിൽ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതുകൊണ്ട് പ്രസംഗത്തിന്റെ പൂർണ്ണരൂപം സഭയുടെ രേഖയിൽ ഇല്ലാതാകുകയോ ഭരണഘടനാ പ്രശ്‌നമാകുകയോ ചെയ്യുന്നില്ല. കേരള നിയമസഭയിൽ അഞ്ചുതവണ പ്രസംഗഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയ ചരിത്രമുണ്ടെന്നിരിക്കെ. പക്ഷെ, സഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ തടഞ്ഞുവെക്കുമെന്നതടക്കം ഭരണപ്രതിസന്ധി ഒഴിവാക്കാൻ  സർക്കാർ ആഗ്രഹിക്കുന്നു. നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ശത്രുതാപരമായി പരസ്പരം ഏറ്റുമുട്ടുന്നതിന് ഗവർണറെ സംബന്ധിച്ച പ്രമേയം വരും ദിവസങ്ങളിൽ കാരണമാകുകയും ചെയ്യും. പൗരത്വ നിയമപ്രശ്‌നത്തിൽ കേരളത്തിൽ ഭരണ- പ്രതിപക്ഷ ഐക്യത്തിനെതിരെ ബി.ജെ.പിക്കു ചെയ്യാൻ കഴിയാഞ്ഞതു ഗവർണർ ചെയ്തുകൊടുത്തിരിക്കുന്നു.
കേന്ദ്രത്തിൽ രാഷ്ട്രപതിയായാലും സംസ്ഥാനങ്ങളിൽ ഗവർണർമാരായാലും ജനങ്ങൾ തെരഞ്ഞെടുത്ത, അവരോട് നേരിട്ട് ഉത്തരവാദിത്വമുള്ള മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടതാണെന്ന വ്യവസ്ഥ ഇന്ത്യ റിപ്പബ്ലിക്കായ ആദ്യവർഷംതന്നെ നിയമോപദേശം തേടി ഭരണഘടനാപരമായി ഉറപ്പിച്ചതാണ്.  തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ നയങ്ങൾക്കും തീരുമാനങ്ങൾക്കുമെതിരെ രാഷ്ട്രപതിയും ഗവർണർമാരും നിലപാടെടുത്തുകൂടെന്നും വിമർശിച്ചുകൂടെന്നും രാഷ്ട്രപതി രാജേന്ദ്രപ്രസാദും നെഹ്‌റു സർക്കാറും തമ്മിലുള്ള തർക്കത്തിൽ കൃത്യമായി നിലപാടെടുത്തിട്ടുള്ളതാണ്.  


ഭരണഘടനാപരമായി ഏഴു പതിറ്റാണ്ടോളം അംഗീകരിക്കപ്പെട്ട (ലംഘനപ്രവണതകൾ ഉണ്ടായാലും) ആ പെരുമാറ്റച്ചട്ട ലംഘനമാണ് സംസ്ഥാനത്ത് ചുമതലയേറ്റെടുത്തതുമുതൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്തുകൊണ്ടിരിക്കുന്നത്.     ഹിന്ദു കോഡ് ബില്ലിനെതിരെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് നടത്തിയ നീക്കം ഇതിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രി ബില്ലുമായി മുന്നോട്ടു പോകുകയാണെങ്കിൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള ഭരണഘടനാപരമായ അധികാരം താൻ പ്രയോഗിക്കുമെന്നുപോലും രാഷ്ട്രപതി പറയുകയുണ്ടായി. നെഹ്‌റു വഴങ്ങിയില്ല.
മന്ത്രിസഭയുടെ ഉപദേശമനുസരിച്ചു മാത്രമേ രാഷ്ട്രപതി പ്രവർത്തിച്ചുകൂടൂ എന്ന് ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്നുപോലും 1960ൽ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റിയൂട്ടിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രസംഗിക്കവെ രാജേന്ദ്രപ്രസാദ് വീണ്ടും വിവാദമുയർത്തി.  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബി.പി സിൻഹ  വഴി പ്രധാനമന്ത്രി നെഹ്‌റു രാഷ്ട്രപതിയുടെ ആ പ്രസംഗം വിതരണം ചെയ്യുന്നത് തടയുകയാണ് ചെയ്തത്.  

നേരത്തെ സംസ്ഥാനത്ത് ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്താകുമ്പോഴും ഫെഡറൽ അധികാരങ്ങൾക്കുവേണ്ടി നിലകൊള്ളുകയും അതിനെതിരായ കേന്ദ്ര സർക്കാറിന്റെയും അവരുടെ താൽപര്യം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഗവർണർമാരുടെയും നിലപാടുകളെ ചോദ്യംചെയ്തും പോന്ന ചരിത്രമാണ് കമ്മ്യൂണിസ്റ്റു പാർട്ടിയുടേത്.  അധികാരത്തിലിരുന്ന് ഫെഡറൽ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യുകയും ഗവർണർ കേന്ദ്ര സർക്കാറിന്റെ പിൻബലത്തിൽ നടത്തുന്ന ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ നേരിടാൻ സങ്കോചപ്പെടുകയും ചെയ്യുന്ന മുഖ്യമന്ത്രിയെയാണ് ഇപ്പോൾ കേരളം കാണുന്നത്. എന്നിട്ടും സർക്കാർ വക്താക്കൾ കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തെയാണ്.  ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള ബന്ധം തകർത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന്. ഇടതുപക്ഷം സ്വീകരിച്ചുപോന്ന മുൻ നിലപാടുകൾ മറന്നാണ് ഈ നിലപാടെടുക്കുന്നത്. ഭരണപക്ഷം സ്വീകരിക്കുന്ന നിലപാടിന്റെ വൈരുദ്ധ്യം പ്രതിപക്ഷം തുറന്നുകാട്ടുന്നതും രാഷ്ട്രീയ മുതലെടുപ്പു നടത്തുമെന്നതും സ്വാഭാവികം. കേരളത്തിലേക്കു നോക്കി ഇപ്പോൾ സന്തോഷിക്കുന്നത് നരേന്ദ്രമോഡിയും അമിത് ഷായും.

Latest News