ലക്‌നൗ- ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളെജിൽ മൂന്നു കുട്ടികൾ കൂടി മരിച്ചു. ഒരാഴ്ചക്കിടെ ഇവിടെ മരിച്ചവരുടെ എണ്ണം 67 ആയി. ഓക്‌സിജൻ വിതരണം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞദിവസം കൂട്ടമരണം സംഭവിച്ച ആശുപത്രിയിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളോട് പോലും അനാദരവ് കാണിക്കുകയാണെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം പോലും അനുവദിക്കാതെയാണ് അധികൃതർ ക്രൂരത കാണിക്കുന്നത്. തുടർന്ന് പലരും മൃതദേഹങ്ങളുമായി ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ് വീട്ടിലേക്ക് തിരിക്കുന്നത്.
അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഇന്ന് ആശുപത്രി സന്ദർശിക്കും. സംഭവത്തെ പറ്റി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുമായി സംസാരിച്ചു. ആശുപത്രിയിലേക്ക് ഓക്‌സിജൻ വിതരണം ചെയ്തിരുന്ന കമ്പനിയിൽ റെയ്്ഡ് നടത്തി. കമ്പനിക്ക് ഓക്‌സിജൻ വിതരണത്തിനുള്ള പണം ഈ മാസം അഞ്ചിന് തന്നെ അനുവദിച്ചിട്ടുണ്ടെന്നും എ്ന്നാൽ ആശുപത്രി അധികൃതർ പണം വിതരണം ചെയ്തില്ലെന്നുമാണ് സർക്കാറിന്റെ ആരോപണം. ഇതേ തുടർന്ന് ആശുപത്രി സൂപ്രണ്ട് രാജീവ് മിശ്രയെ സസ്‌പെൻഡ് ചെയ്തു.
കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക ജ്വരം ഉൾപ്പെടെയുളള അസുഖങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെയും സർക്കാരിന്റെയും വാദം.കുട്ടികൾ മരിച്ച സംഭവത്തിൽ മൗനം വെടിഞ്ഞ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. കൂട്ടമരണത്തിനു കാരണമായ ജപ്പാൻ ജ്വരം 1978 മുതൽ തന്നെ ഉണ്ടെന്നും ഇത് സർക്കാരിന് വെല്ലുവിളിയാണെന്നും തുറന്നു സമ്മതിച്ച മുഖ്യമന്ത്രി രോഗബാധയ്ക്ക് കാരണം വൃത്തിയില്ലായ്മയാണെന്നും പറഞ്ഞു. ശുചിത്വമില്ലായ്മയും തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനവുമാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
'ഈ പ്രശ്‌നം എല്ലാർക്കുമുമ്പിലും ഒരു വെല്ലുവിളിയായി നിലനിൽക്കുകയാണ്. അതിനുള്ള പരിഹാരം കണ്ടെത്തിയിട്ടുണ്ട്.' ജനങ്ങൾക്കിടയിൽ വൃത്തിയെ കുറിച്ചുള്ള അറിവില്ലായ്മ മരണനിരക്ക് കൂട്ടാൻ കാരണമായിട്ടുണ്ടെന്നും നാം ശുചിത്വമില്ലാത്ത ജീവിതം നയിച്ചതിന്റെ പേരിൽ കുട്ടികളുടെ ജീവൻ പൊലിഞ്ഞത് ഒരു ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തു വന്നതോടെ യു.പി സർക്കാർ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.






