Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്ഥാപനങ്ങളിലേക്ക് മാറാൻ അനുമതി

റിയാദ് - ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അനുമതി. മന്ത്രാലയ ശാഖകൾ വഴി മാത്രമാണ് നിലവിൽ ഈ സേവനം. ഓൺലൈൻ ആയി സാധ്യമല്ല.
ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് പുതുക്കിയതാകാൻ പാടില്ല. ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമല്ലാത്തതിനാലാണ് ഈ വ്യവസ്ഥ. 
സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികളുടെ കഫാല വ്യക്തികളുടെ പേരിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളി വിപണിയിലുള്ള പ്രതിസന്ധി കാരണം സ്ഥാപനങ്ങളുടെ പേരിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന് വ്യക്തികളുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാൻ ശ്രമിക്കാറുണ്ട്.  
സ്ഥാപനങ്ങളിലേക്ക്  മാറാനും പ്രൊഫഷൻ മാറ്റാനും ഗാർഹിക തൊഴിലാളികൾ സമ്മതപത്രം നൽകിയിരിക്കണം. 


പ്രൊഫഷൻമാറ്റ നടപടികൾ പൂർത്തിയാകുന്നതുവരെ പുതിയ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യില്ലെന്ന സത്യവാങ്മൂലവും വിരലടയാളം പതിച്ച് നൽകണം. അറബി അറിയാത്ത തൊഴിലാളികൾ നൽകുന്ന സമ്മതപത്രം വിവർത്തനം ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്. 
സമ്മതപത്രത്തിൽ സ്ഥാപനത്തിന്റെ പേരും ലേബർ ഓഫീസിലെ ഫയൽ നമ്പറും സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയുടെ പേരും ഒപ്പും സ്ഥാപനത്തിന്റെ സീലും പതിച്ചിരിക്കണം. 
നിലവിലെ സ്‌പോൺസറിൽനിന്നുള്ള റിലീസ് ലെറ്ററും ഹാജരാക്കണം. 


ഇത് ചേംബർ ഓഫ് കൊമേഴ്‌സോ ഉംദയോ ലേബർ ഓഫീസോ അറ്റസ്റ്റ് ചെയ്തിരിക്കണം. തൊഴിലാളിയുടെ സേവനം ആവശ്യമാണെന്ന് വ്യക്തമാക്കി സ്ഥാപനം നൽകുന്ന കത്തും ചേംബർ ഓഫ് കൊമേഴ്‌സിൽനിന്ന് സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം. സ്‌പോൺസർഷിപ്പ് മാറ്റുക വഴി സ്വകാര്യ സ്ഥാപനം നിതാഖാത്ത് പ്രകാരം ഇടത്തരം പച്ചയിൽനിന്ന് താഴേക്ക് പോകാൻ പാടില്ലെന്നും നിബന്ധനയുണ്ട്. 
നിയമലംഘകർക്ക് പദവി ശരിയാക്കുന്നതിന് ഏഴു വർഷം മുമ്പ് അനുവദിച്ച പൊതുമാപ്പ് കാലത്ത് ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റുന്നതിന് അനുവദിച്ചിരുന്നു. പൊതുമാപ്പ് അവസാനിച്ചതോടെ ഇത് നിർത്തിവെക്കുകയായിരുന്നു.  

 

Latest News