Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ  കണ്ണൂര്‍ സര്‍വകലാശാല പ്രമേയം പാസാക്കി 

കണ്ണൂര്‍- കേരളാ ഗവര്‍ണര്‍ ചാന്‍സലറായ കണ്ണൂര്‍ സര്‍വകലാശാല പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി ഗവര്‍ണറുടെ നിലപാടുകളെ പരസ്യമായി തള്ളി പറഞ്ഞു കൊണ്ടാണ് സെനറ്റ് യോഗം രംഗത്തുവന്നത്. നേരത്തെ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സംസാരിക്കുന്നതിനിടെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതോടെ ഗവര്‍ണരുടെ പരിപാടി തടസപ്പെട്ടു. തന്നെ വിളിച്ചു വരുത്തി സര്‍വകലാശാല അധികൃതര്‍ അപമാനിച്ചുവെന്നായിരുന്നു ഗവര്‍ണറുടെ പരാതി. കണ്ണൂര്‍ സര്‍വകലാശാല വിസി പ്രൊട്ടോക്കോള്‍ ലംഘിച്ചുവെന്നും ആരോപണമുന്നയിച്ചിരുന്നു. ഈയൊരു സാഹചര്യം നിലനില്‍ക്കവെയാണ് വ്യാഴാഴ്ച ചേര്‍ന്ന കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് യോഗം ഗവര്‍ണറുടെ നിലപാടിനെ പരസ്യമായി എതിര്‍ത്ത് രംഗത്തുവന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്കും നാടിന്റെ മതനിരപേക്ഷതയ്ക്കും ഭീഷണിയായ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് യോഗം ആവശ്യപ്പെട്ടു. മതനിരപേക്ഷ ഇന്ത്യയെ തകര്‍ത്ത് മതാധിഷ്ഠിത രാഷ്ട്രമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനെതിരെ പ്രതിഷേധിച്ച ജെഎന്‍യു, ജാമിഅ മിലിയ, അലിഗഡ് തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്നും സിന്‍ഡിക്കറ്റ് അംഗം ബിജു കണ്ടക്കൈ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ചെറുശേരി ഓഡിറ്റോറിയത്തില്‍ നടന്ന, പുനഃസംഘടിപ്പിക്കപ്പെട്ട സെനറ്റിന്റെ ആദ്യ യോഗത്തില്‍ പൗരത്വ നിയമം സംബന്ധിച്ച ഏഴ് അനൗദ്യോഗിക പ്രമേയങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം ചേര്‍ത്ത് ഔദ്യോഗിക പ്രമേയമായി അവതരിപ്പിക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവിന്ദ്രന്‍ അധ്യക്ഷനായി.


 

Latest News