ആത്മഹത്യാ ഗെയിം ബ്ലൂവെയ്ല്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം- ലോകത്തൊട്ടാകെ നാലായിരത്തോളം പേരെ ആത്മഹത്യയിലേക്കു നയിച്ച കുപ്രസിദ്ധ ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെയ്ല്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുന്നതിനു വേണ്ടി നമ്മുടെ വാതില്‍പ്പടിയിലെത്തിയിരിക്കുന്ന ഭീഷണിയായ ഈ ഗെയിം ഉടന്‍ നിരോധിക്കണമെന്നാണ് കത്തില്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്റര്‍നെറ്റില്‍ ട്രെന്‍ഡായി മാറിയ ഈ ഗെയിം അതില്‍ പങ്കെടുക്കുന്നവരെ മരണത്തിലേക്കും ആത്മപീഡനങ്ങളിലേക്കും നയിക്കുകയാണ്. ഇന്ത്യയിലും ഇത് ഏതാനും ജീവനുകളെടുത്തുവെന്ന് റിപ്പോര്‍ട്ടുകളും കത്തില്‍ ചൂണ്ടിക്കാട്ടി. 

കേരള പോലീസിലെ സൈബര്‍ വിഭാഗം ഇതിനെതിരെ നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈയിടെ പാലക്കാട് നിന്നും ചാവക്കാട് കടപ്പുറത്തെത്തിയ നാലു കൗമാരക്കാര്‍ ഈ ഗെയിമിന്റെ സ്വാധീന വലയത്തിലായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇത്തരം ഗെയിമുകളെ നിയന്ത്രിക്കാന്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. കേന്ദ്ര ഐടി, അഭ്യന്തര മന്ത്രാലയങ്ങള്‍ക്കെ കാര്യമായി ചെയ്യാന്‍ കഴിയൂ. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഈ വിഷയം നിയമസഭാ സമ്മേളനത്തിലും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. രക്ഷിതാക്കള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കുട്ടികള്‍ ഇതിന് അടിമപ്പെട്ടു പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പിണറായി അറിയിച്ചിരുന്നു.

Latest News