Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിംകൾക്കും തുല്യ അവകാശം; അവരും രാജ്യത്തിന്റെ ഭാഗം-മോഡി

ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തെ പല്ലും നഖവും ഉപയോഗിച്ച് അനുകൂലിക്കാൻ എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിർദ്ദേശം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത എൻ.ഡി.എയുടെ എം.പിമാരുടെ യോഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചിരിക്കുന്നുവെന്ന് ആരെങ്കിലും ആരോപിച്ചാൽ അതിനെതിരെ രംഗത്തുവരണമെന്നും മോഡി ആവശ്യപ്പെട്ടു. 
പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ ചിലർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. മുസ്‌ലിംകളും നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ്. എല്ലാവർക്കുമുള്ളതുപോലെ തുല്യ അവകാശം അവർക്കുമുണ്ട്-മോഡി പ്രസംഗത്തിൽ പറഞ്ഞു.

നേരത്തെ പൗരത്വ നിയമ ഭേദഗതി നിയമത്തെയും അയോധ്യ കോടതി വിധിയേയും അനുമോദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് രംഗത്തെത്തിയിരുന്നു. സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഇത്. പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയതിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആഗ്രഹമാണ് യാഥാർഥ്യമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചരിത്രപരമായ നിയമമാണ് ഇതെന്ന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. കർഷകരുടെയും പാവപ്പെട്ടവരുടെയും ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 
പാക്കിസ്ഥാനിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ രാഷ്ട്രപതി അപലപിച്ചു. ഇക്കാര്യത്തിൽ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടൽ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ എല്ലാ മതത്തിൽ പെട്ടവർക്കും പൗരത്വം ലഭിക്കുന്നതിനു വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥകൾ അങ്ങനെ തന്നെ നിലനിൽക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. 
പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ സമൂഹത്തെയും രാജ്യത്തെയും ദുർബലമാക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് രാഷ്ട്രപതി നടത്തിയ പരാമർശങ്ങൾ സഭയിൽ ചെറിയ ബഹളത്തിന് ഇടയാക്കി. ഭരണപക്ഷ അംഗങ്ങൾ ഡെസ്‌കിൽ അടിച്ചു ആഹ്ലാദിച്ചപ്പോൾ പ്രതിപക്ഷം ശബ്ദമുണ്ടാക്കിയുമാണ് പ്രതികരിച്ചത്.
സർക്കാരിന്റെ ഉറച്ച പ്രതിജ്ഞ ബദ്ധതയാൽ മുസ്‌ലിം വനിതകൾക്ക് വേണ്ടി മുത്തലാക്ക് നിരോധന നിയമം കൊണ്ടു വന്നു. രാമജന്മഭൂമിയിൻമേലുള്ള കോടതി വിധിക്ക് ശേഷം രാജ്യത്തെ പൗരൻമാർ പ്രകടിപ്പിച്ച പക്വത അഭിനന്ദനാർഹമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി ചരിത്രപരമാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് സഭ അതു പാസാക്കിയത്. ജമ്മു, കശ്മീർ, ലഡാക്ക് മേഖലകളുടെ തുല്യമായ വികസനത്തിന് അതു വഴിവയ്ക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജമ്മു കാഷ്മീരിലെയും ലഡാക്കിലെയും ജനങ്ങൾ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ ജനങ്ങൾക്കു തുല്യരാകുന്നത് സന്തോഷകരമായ കാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
സർക്കാർ സ്ഥാനമേറ്റ ഏഴു മാസത്തിനകം തന്നെ നിർണായകമായ പല നിയമങ്ങളും കൊണ്ടുവരാൻ കഴിഞ്ഞു. ഈ ദശകത്തെ ഇന്ത്യയുടെ ദശകമായും നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടായും മാറ്റുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഭീകരതയെ നേരിടാൻ സേനാ വിഭാഗങ്ങൾക്കു പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് സർക്കാർ. മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി സംയുക്ത തലവൻ വന്നതോടെ സൈന്യത്തിന്റെ ഏകോപനം കൂടുതൽ ഫലപ്രദമാവും. സ്ത്രീകളുടെ സുരക്ഷയ്ക്ക് അതിയായ പ്രാമുഖ്യമാണ് സർക്കാർ നൽകുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ വിചാരണ ചെയ്യാൻ ആയിരം കോടതികൾ സ്ഥാപിക്കുമെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
മേക്ക് ഇന്ത്യ പദ്ധതി വിജയം കണ്ടു. ആയിരം അതിവേഗ കോടതികൾ സ്ഥാപിച്ചു. ജല സംരക്ഷണം ഉറപ്പു വരുത്തി. ഗ്രാമീണ മേഖലയിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കി. വനിതക്ഷേമം ഉറപ്പു  വരുത്തി. ചരിത്രമായി കർത്താർപൂർ ഇടനാഴി തുറന്നു. സർക്കാർ ഭീരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. പ്രതിരോധ രംഗത്തിന് സുപ്രധാന പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇലക്ട്രോണിക് രംഗത്തും ശ്രദ്ധേയമായ വളർച്ചയാണുള്ളത്. റെയിൽവേ വികസനക്കുതിപ്പിലാണെന്നും രാഷ്ട്രപതി പറഞ്ഞു. 

Latest News