Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യ വിദേശ കമ്പനികള്‍ക്ക് വില്‍ക്കരുത്;  കേന്ദ്രസര്‍ക്കാരിനോട് ആര്‍.എസ്.എസ്

ന്യൂദല്‍ഹി-പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ വിദേശ കമ്പനികള്‍ക്ക് വില്‍ക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആര്‍എസ്എസ്. യുഎഇയുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് എയര്‍വേസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഏറ്റെടുത്തേക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് ആര്‍എസ്എസ് രംഗത്തെത്തിയത്. ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ എയര്‍ ഇന്ത്യ വില്‍ക്കാവൂ എന്നാണ് ആര്‍എസ്എസിന്റെ നിര്‍ദ്ദേശം. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റ് ആണ് ആര്‍എസ്എസ് നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെതിരെ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്തെത്തിയിരുന്നു. എയര്‍ ഇന്ത്യ വില്‍പനക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എയര്‍ ഇന്ത്യ വില്‍പന രാജ്യവിരുദ്ധമാണെന്നും രാജ്യത്തിന്റെ സ്വത്ത് വില്‍ക്കാനാകില്ലെന്നും സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, എതിര്‍പ്പുകളെ അവഗണിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8550 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം.

Latest News