Sorry, you need to enable JavaScript to visit this website.

വിവാഹം നിശ്ചയിച്ച യുവതി  കാമുകനെ തേടി ഗള്‍ഫിലേക്ക് കടന്നു  

കണ്ണൂര്‍- വിവാഹം നിശ്ചയിച്ച യുവതി ആരുമറിയാതെ മുങ്ങിയത് ഗള്‍ഫിലെ കാമുകന്റെ അടുത്തേക്ക്. കാണാതായ യുവതി ഗള്‍ഫിലുണ്ടെന്നറിഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതോടെ വെട്ടിലായത് പയ്യന്നൂര്‍ പോലീസ്. കുഞ്ഞിമംഗലത്ത് നിന്ന് 24 ദിവസം മുമ്പ് കാണാതായ പ്രതിശ്രുത വധുവിനെയാണ് നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയത്. യുവതി ഗള്‍ഫിലുണ്ടെന്ന് അറിഞ്ഞതോടെയാണ് പയ്യന്നൂര്‍ പോലീസ് ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയത്. താന്‍ ഗള്‍ഫിലുണ്ടെന്ന വിവരം യുവതി തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചിരുന്നത്. ആരുടെയും നിര്‍ബന്ധപ്രകാരമല്ല സ്വന്തം ഇഷ്ടപ്രകാരമാണ് ദുബായിലെത്തിയതെന്ന് ഇവര്‍ എസ് ഐ ശ്രീജിത്ത് കൊടേരിയോട് ഫോണിലൂടെ പറഞ്ഞിരുന്നു. ആ വിവരം പോലീസ് പരാതിക്കാരായ ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനും അമ്മായിയും ഗള്‍ഫിലേക്ക് തിരിച്ചിട്ടുണ്ട്. യുവതിയെ കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് കാണാതാവുന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന യുവാവുമായുള്ള വിവാഹം മാര്‍ച്ച് മാസത്തില്‍ ഉറപ്പിച്ച ഉടനെയാണ് യുവതി മട്ടന്നൂര്‍ എയര്‍പോര്‍ട്ട് വഴി ഗള്‍ഫിലേക്ക് കടന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പഴയ സഹപാഠിയുമായി യുവതിക്ക് ചങ്ങാത്തമുണ്ടായിരുന്നു. രണ്ടുപേരും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് സൗഹൃദത്തിലായത്. ഉദുമ സ്വദേശിയായ യുവാവായിരുന്നു യുവതിയുടെ അടുപ്പക്കാരന്‍. യുവതിയെ കാണാതാവുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാള്‍ ഒരു തവണ വീട്ടിലെത്തിയിരുന്നു. ആ സമയമായിരിക്കാം യുവതിക്ക് വിസയും എയര്‍ ടിക്കറ്റും കൊടുത്തിട്ടുണ്ടാവുകയെന്ന് പോലീസ് കരുതുന്നു. അജ്മാനിലെ എഞ്ചിനീയറിംഗ് കമ്പനിയിലാണ് യുവതി ജോലി നോക്കുന്നത്. യുവതിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മയും സഹോദരനും അമ്മാവനുമടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി പഠിച്ചതും വളര്‍ന്നതും. കല്ല്യാശ്ശേരി സ്വദേശിയുമായിട്ടായിരുന്നു യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എംബസിയുടേയും ഇന്റര്‍പോളിന്റേയും സഹായത്തോടെ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. 


 

Latest News