ഷര്‍ജിലിനെ പരസ്യമായി വെടിവെച്ചു കൊല്ലണം;  കൊലവിളിയുമായി ബിജെപി എംഎല്‍എ

ന്യൂദല്‍ഹി- ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്ത് ബിജെപി എംഎല്‍എ. പൗരത്വഭേദഗതിക്ക് എതിരെ സമരമുഖത്തുള്ള ഷര്‍ജില്‍ ഇമാമിനെ പോലുള്ളവരുടെ കൈകള്‍ അറുത്ത്മാറ്റി പ്രദര്‍ശിപ്പിക്കണമെന്ന് ശിവസേനാ മുഖപത്രം സാമ്‌ന ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ബിജെപിനേതാവ് സംഗീത് സോമിന്റെ കൊലവിളി.
ഷര്‍ജില്‍ ഇമാമിനെ പോലുള്ളവരെ പരസ്യമായി വെടിവെച്ചുകൊല്ലണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി എംഎല്‍എയും മുസഫര്‍ നഗര്‍ കലാപകേസിലെ പ്രതിയുമായ സംഗീത് സോം. 'ഇന്ത്യയെ വിഭജിക്കണമെന്ന് ആവശ്യപ്പെടുന്ന ഷര്‍ജിലിനെ പോലുള്ളവരെ പരസ്യമായി വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്ന്' സംഗീത് സോം പറഞ്ഞു. യുപിയിലെ സര്‍ധന നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് സംഗീത് സോം. ഷഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിലെ സംഘാടകരിലൊരാളാണ് ഷര്‍ജില്‍ ഇമാം.

ഇരുന്നൂറോളം സ്ത്രീകളാണ് ഷഹീന്‍ബാഗില്‍ ആഴ്ചകളോളമായി കുത്തിയിരിപ്പ് സമരം നടത്തുന്നത്. കടുത്ത തണുപ്പിനെ വകവെക്കാതെയാണ് ഇവര്‍ പൗരത്വഭേദഗതിക്ക് എതിരെ സമരം തുടരുന്നത്. നിലവില്‍ പോലിസ് കസ്റ്റഡിയിലാണ് ഷര്‍ജില്‍ ഇമാം. 'ചിക്കന്‍സ് നെക്' പിടിച്ചെടുത്ത് ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ഷര്‍ജില്‍ ഇമാം ആഗ്രഹിച്ചു. അതുകൊണ്ട് ഷര്‍ജിലിന്റെ കൈകള്‍ അറുത്തുത്തെടുത്ത് ചിക്കന്‍നെക് ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ശിവസേനാ മുഖപത്രമായ സാമ്‌ന ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത് സോമും അദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
 

Latest News