Sorry, you need to enable JavaScript to visit this website.

മക്കാ ജീവിതം നൽകുന്ന സന്ദേശം

പ്രവാചകന്റെ 23 വർഷത്തെ പ്രബോധന കാലഘട്ടം വിശ്വാസകാര്യങ്ങൾ, അനുഷ്ഠാന കാര്യങ്ങൾ, സ്വഭാവ മര്യാദകൾ, ഇടപാടുകൾ എന്നിവയ്ക്ക് പുറമെ ഒട്ടേറെ സാമൂഹിക പാഠങ്ങളും സമ്മാനിക്കുന്നുണ്ട്. മക്കയുടേയും ഹബ്ശയുടെയും മദീനയുടെയും സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളും അവസ്ഥകളും വ്യത്യസ്തമായിരുന്നു. വ്യത്യസ്തമായ ഈ സാഹചര്യങ്ങളിൽ എങ്ങനെയാണ് ഒരു വിശ്വാസി ജീവിക്കേണ്ടത് എന്ന കാര്യം പ്രവാചകജീവിതത്തിൽ നിന്ന് പഠിക്കാനാകും. 

മക്കയിൽ പ്രബോധന സ്വതന്ത്ര്യമോ ആരാധനാ സ്വാതന്ത്ര്യമോ മാത്രമല്ല പൗരന്മാർ എന്ന അവകാശം പോലും വേണ്ട രൂപത്തിൽ അവർക്ക് ലഭിച്ചിരുന്നില്ല.  മക്കയുടെ ഭരണാധികാരം അന്ന് ഖുറൈശികളുടെ കൈകളിലായിരുന്നു. മുഹമ്മദ് നബി ഖുറൈശികളിലെ പ്രമുഖ കുടുംബത്തിൽ ജനിച്ച വ്യക്തിയായിരുന്നിട്ട് പോലും ബഹുദൈവത്വം കൈവെടിയുകയും ഏകാരാധ്യനെ മാത്രം ആരാധിക്കണമെന്ന ആശയം പറഞ്ഞതിന്റെ പേരിൽ ഖുറൈശികൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അനുയായികളെയും ബഹിഷ്‌കരിക്കുകയും ജീവിത സ്വാതന്ത്ര്യം തടയുകയും ചെയ്തു. അബൂബക്കർ, അലി തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനുയായികളിൽ അധികവും ഉന്നതകുലജാതരോ ധനാഢ്യരോ ആയിരുന്നില്ല. അടിമകളും സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരുമായ പിന്നോക്കം നിൽക്കുകയും സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവരായിരുന്നു അവരിൽ പലരും. ജീവിതം മക്കയിൽ ദുസ്സഹമായിരുന്നു. ഖുറൈശികളിലെയും ഇതര ഗോത്രങ്ങളിലെയും പ്രമുഖർ ചേർന്നെടുക്കുന്ന തീരുമാനമാണ് മക്കയിലെ നിയമങ്ങൾ. പ്രത്യേകമായ ഭരണഘടനയോ ഭരണരീതിയോ അവിടെ ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ ജനാധിപത്യ മതനിരപേക്ഷ ഭരണ സംവിധാനത്തിൽ മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമൊന്നും അന്ന് മക്കയിലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അത്തരമൊരു സാഹചര്യത്തിൽ മുസ്‌ലിംകൾ എങ്ങനെ കഴിയണമെന്ന പാഠവും പ്രവാചകന്റെ മക്കാ ജീവിതത്തിലുടനീളം നമുക്ക് കാണാം. 

പ്രലോഭനങ്ങളായിരുന്നു ആദ്യം ഖുറൈശികൾ ഉപയോഗിച്ചിരുന്ന തന്ത്രം. രാജ്യത്തിന്റെ ചെങ്കോൽ വരെ അവർ വാഗ്ദത്തം ചെയ്തു. പക്ഷെ ഒരു കൈയിൽ സൂര്യനും മറു കൈയിൽ ചന്ദ്രനും വെച്ച് തന്നാൽ പോലും വിശുദ്ധമായ ആദർശജീവിതത്തിൽ നിന്നും പിറകോട്ടില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചു. പിതൃവ്യനായ അബൂ ത്വാലിബിനെ ഖുറൈശികൾ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.  പ്രലോഭനങ്ങളിൽ വീഴില്ലെന്നു കണ്ടപ്പോൾ പ്രകോപനങ്ങളിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. പ്രകോപനങ്ങൾ അക്രമങ്ങളും പീഡനങ്ങളുമായി മാറി. ശരീരത്തിനേൽക്കുന്ന മുറിവിലൂടെ മനസ്സിനെ തളർത്താനായിരുന്നു ഖുറൈശികൾ ശ്രമിച്ചത്. പക്ഷേ സത്യമാർഗം വിട്ടുപോകാൻ അദ്ദേഹം തുനിഞ്ഞില്ല. അനുയായികളിലൊരാൾ പോലും അസത്യത്തോട് രാജിയാവാൻ തയ്യാറായില്ല. എന്തുചെയ്യണമെന്ന് പകച്ചു നിന്നിരുന്ന അനുയായി വൃന്ദത്തോട് പ്രവാചകൻ സഹിക്കാനും ക്ഷമിക്കാനും സംയമനം പാലിക്കാനും ഉപദേശിച്ചു. 

സഹനവും ത്യാഗവുമാണ് അത്തരം സാഹചര്യങ്ങളിൽ ആദ്യം അവലംബിക്കേണ്ടത് എന്നാണ് പ്രവാചക ദർശനം. പ്രകോപനങ്ങളിലൂടെ ശത്രു ഉന്മൂലനത്തിനുവേണ്ടി ശ്രമിക്കുമ്പോൾ പ്രകോപനങ്ങൾക്ക് വഴങ്ങാതെയും പ്രകോപിതരാകാതെയും ക്ഷമ അവലംബിച്ച് ശത്രുവിന്റെ അതിക്രമങ്ങളെ ക്ഷമാപൂർവം ചെറുക്കുകയായിരുന്നു പ്രവാചകനും അനുയായികളും ചെയ്തത്. ഖുറൈശികൾ കാണിക്കുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും അതേ നാണയത്തിൽ തിരിച്ചടിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. അനുയായികളെ അദ്ദേഹം സമാധാനിപ്പിച്ചു. അധർമത്തിന്റെ കിങ്കരന്മാരാൽ എത്രയോ പേർ ചരിത്രത്തിൽ നിർദാക്ഷിണ്യം കൊലചെയ്യപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം വിവരിച്ചുകൊടുത്തു. സത്യത്തെ ത്യജിച്ച് അസത്യത്തെയും അധർമത്തെയും പുണരാൻ ഒരു വിശ്വാസിക്കും സാധിക്കില്ലെന്ന് അദ്ദേഹം അവരെ ബോധ്യപ്പെടുത്തി.  

മക്കാ കാലഘട്ടത്തിൽ ഒട്ടേറെ പീഡനങ്ങൾക്ക് വിധേയമായ യാസിറിന്റെയും അമ്മാറിന്റെയും സുമയ്യയുടെയും ബിലാലിന്റെയും ചരിത്രം വളരെ പ്രസിദ്ധമാണ്. പ്രവാചക പ്രബോധനത്തിന്റെ ആദ്യഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ച വനിതയായിരുന്നു സുമയ്യ. സുമയ്യ, മകൻ അമ്മാർ, ഭർത്താവ് യാസിർ എന്നിവരെ ഖുറൈശികൾ കഠിനമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. അബൂ ജഹലും കൂട്ടരും സുമയ്യയെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മറ്റുള്ളവർക്ക് കാണികളായി നിൽക്കേണ്ടിവന്നു. ഇരുമ്പുചങ്ങലയിൽ ബന്ധിപ്പിച്ച് സുമയ്യയെ അവർ നടുറോഡിലൂടെ നടത്തുകയും പിന്നിൽ നിന്ന് കുന്തം കൊണ്ടും കഠാര കൊണ്ടും കുത്തി മുറിവേൽപിക്കുകയും ചെയ്തു. രക്തം മണ്ണിൽ തളംകെട്ടി. അമ്മാറിന്റെ വീട് അവർ അഗ്‌നിക്കിരയാക്കി. കുട്ടികളെ കൊണ്ട് സുമയ്യയുടെയും യാസിറിന്റെയും അമ്മാറിന്റെയും തലമുടിയും താടിയും ഖുറൈശികൾ പിടിച്ചു വലിപ്പിച്ചു. ചുട്ടുപഴുത്ത മണലിൽ കിടത്തി ഇരുമ്പ് പഴുപ്പിച്ച് നെഞ്ചിലും ശരീരത്തിന്റെ ഇരുവശങ്ങളിലും പൊള്ളലേൽപിക്കാൻ അബൂജഹൽ അയാളുടെ കിങ്കരന്മാർക്ക് നിർദേശം നൽകി. നെഞ്ചത്ത് പാറക്കഷ്ണങ്ങൾ വെച്ച് വലിച്ചിഴച്ചു. അബോധാവസ്ഥയിൽ നിന്നുണർന്നാൽ വീണ്ടും ഇതു തന്നെ ആവർത്തിച്ചു. സുമയ്യ (റ) വിന് അന്ന് 70 വയസ്സ് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ആ ധീരവനിത അതിനെ അതിജയിച്ചു. സഹനമാർഗം സ്വീകരിച്ചു. പീഡനപർവം താണ്ടി ബിലാലും അമ്മാറും യാസിറുമെല്ലാം സഹനത്തിന്റെ മാർഗം സ്വീകരിച്ചു. അവരുടെ അചഞ്ചലമായ വിശ്വാസം കൂടുതൽ സഹിക്കാനും ക്ഷമിക്കാനും അവർക്ക് കഴിവ് പകർന്നു. മുഹമ്മദ് നബി (സ്വ) യുടെ കണ്ണുകൾ നനഞ്ഞു. ആശ്വസിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അദ്ദേഹം അവരോട് പറഞ്ഞു: 'യാസിർ കുടുംബമേ, ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത ഭവനം സ്വർഗമാണ്.' അങ്ങ് അല്ലാഹുവിന്റെ ദൂതനാണ്. താങ്കളുടെ വാഗ്ദാനം സത്യമാണ്. യാസിർ പ്രാചകനോട് ചോദിച്ചു: 'പ്രവാചകരേ, ഏതുവരെയാണ് ഈ പരീക്ഷണങ്ങൾ? അതിന് മറുപടിയായി പ്രവാചകൻ പറഞ്ഞു: 'ക്ഷമിക്കുക' പ്രവാചകൻ പ്രാർഥിച്ചു. 'അല്ലാഹുവേ, യാസിറിന്റെ കുടുംബത്തിന് പാപമോചനം നൽകിയാലും.''

അവരുടെ ഈമാൻ അബൂജഹലിനെ ക്രുദ്ധനാക്കി.  ഒരടിമപ്പെണ്ണിനോട് തോൽക്കാൻ അയാൾക്ക് മനസ്സില്ലായിരുന്നു. എത്ര തന്നെ ഭയപ്പെടുത്തിയിട്ടും ഇരുമ്പു ദണ്ഡുകൾ കൊണ്ട് ഗുഹ്യഭാഗങ്ങളിൽ പോലും ക്രൂരമായ പീഡനങ്ങൾ നടത്തിയിട്ടും ഒരിഞ്ചു പോലും അബൂജഹലിന്റെ ആവശ്യങ്ങൾക്ക് വഴങ്ങാതെ സത്യത്തിന്റെയും ധർമത്തിന്റെയും പാതയിൽ അവർ ഉറച്ചു നിന്നു. കലിതുള്ളിയ അബൂജഹൽ ഒടുവിൽ ഇരുതല മൂർച്ചയുള്ള കഠാരകൊണ്ട് സുമയ്യയെ ആഞ്ഞുകുത്തി.  സുമയ്യ ആദ്യത്തെ രക്തസാക്ഷിയായി. വിശ്വാസവും സഹനവും ത്യാഗവുമാണ് സത്യമാർഗത്തിൽ ഉറച്ചുനിൽക്കാൻ ഒരാളെ പര്യാപ്തമാക്കുന്നതെന്ന് ഈ സംഭവങ്ങൾ തെളിയിച്ചു.  

വിശ്വാസ സ്വാതന്ത്ര്യമില്ലാത്ത രാജ്യത്താണെങ്കിലും പിറന്ന മണ്ണിൽ ജീവിക്കാനാണ് ശ്രമിക്കേണ്ടതെന്നും അതിനുവേണ്ടി ത്യാഗം ചെയ്ത് മുന്നേറുകയാണ് വേണ്ടതെന്നും ഈ സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രവാചകന്റെ 23 വർഷത്തിൽ 13 വർഷവും ഇങ്ങനെ ജീവിക്കേണ്ടി വന്നുവെന്നത് സഹനത്തിനും ക്ഷമക്കും ദൈവികമാർഗത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നു. അതേസമയം പിറന്ന നാട്ടിൽ ഒരു നിലക്കും ജീവിക്കാൻ സാധ്യമല്ലെങ്കിൽ മറ്റു രാജ്യങ്ങൾ തേടുന്നതിന് വിരോധമില്ല. അവിടെയാണ് ഹിജ്‌റ പ്രസക്തമാകുന്നത്. മക്കാ ജീവിതം ഫാസിസ്റ്റ് ഭരണത്തിന് കീഴിലുള്ള ജീവിതത്തെക്കാളും ഭയാനകമായിരുന്നു. ഫാസിസത്തെ ചെറുക്കാൻ സാധ്യമാവാതെ വന്നപ്പോൾ സ്വസ്ഥ ജീവിതത്തിനായി അബ്‌സീനിയ തെരഞ്ഞെടുത്തു. അവിടുത്തെ ഭരണാധികാരി ഏതു മതക്കാരാണെന്നോ അവിടുത്തെ ഭരണസമ്പ്രദായമെന്തെന്നോ അദ്ദേഹം പരിഗണിച്ചില്ല.  മറിച്ച് സ്വസ്ഥ ജീവിതം ആരു വാഗ്ദാനം ചെയ്യുന്നുവോ അത് മാത്രമായിരുന്നു അദ്ദേഹം ഗൗനിച്ചിരുന്നത്. മക്ക, അബ്‌സീനിയ, മദീന കാലഘട്ടങ്ങൾ വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ എങ്ങനെ ജീവിക്കാമെന്ന പ്രവാചക മാതൃകയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

Latest News